തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട ക്രിമിനൽ കേസ് പ്രതി എറണാകുളം ബിജുവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി മടങ്ങവെ പൊലീസിനെ തള്ളിമാറ്റി ബൈക്കിൽ രക്ഷപെടുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് മനോരമ ന്യൂസിന് ലഭിച്ചത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കാനെത്തിച്ചതെന്നാണ് വിവരം.
കൊലപാതകവും പീഡനവും അടക്കം നൂറിലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ എറണാകുളം ബിജുവിനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നാണ് രാവിലെ നെയ്യാറ്റിൻകര കോടതിയിൽ എത്തിച്ചത്. മോഷണക്കേസുകളിലെ വിചാരണയുടെ ഭാഗമായാണ് പ്രതിയെ കോടതിയിലെത്തിച്ചത്. മുൻപും പൊലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചിട്ടുള്ളതിനാൽ മതിയായ മുൻകരുതലുകൾ എടുക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം നിർദേശം നൽകിയിരുന്നു. എന്നാൽ നാല് പൊലീസുകാരുടെ മാത്രം സംരക്ഷണത്തിൽ കെ എസ് ആർ ടി സി ബസിലാണ് ബിജുവിനെ നെയ്യാറ്റിൻകരയിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയശേഷം ബസ് കാത്തുനിൽക്കുന്നതിനിടെ ബിജു പൊലീസിനെ വെട്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു. നിരവധി മാലമോഷണക്കേസുകളിലെ പ്രതിയായ പറക്കുംതളിക ബൈജുവിന്റെ ബൈക്കിലാണ് പ്രതി രക്ഷപെട്ടതെന്ന് പൊലീസ് അറിയിച്ചു. എറണാകുളം ബിജുവിന് വേണ്ടി തമിഴ്നാട് അതിർത്തിയിലടക്കം തിരച്ചിൽ ഉൗർജിതമാക്കി.