ബാബാ രാംദേവ് അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന മട്ടിലുള്ള ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിനു പിന്നിലെ വസ്തുതയെന്തെന്ന് അറിയാതെയാണ് പലരും ചിത്രങ്ങൾ വാട്സ്ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പങ്കുവയ്ക്കുന്നത്. ബീഹാർ രിജസ്ട്രേഷനുള്ള ഒരു വാഹനം അപകടത്തിൽ തകർന്നു കിടക്കുന്നതും ബാബാ രാംദേവിനെ അബോധാവസ്ഥയിൽ വാഹനത്തിൽ കയറ്റുന്ന ചിത്രങ്ങളുമാണ് പ്രചരിച്ചത്.
താൻ ആരോഗ്യവാനായിരിക്കുന്നതായി അറിയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രാംദേവ് തന്നെ ട്വിറ്ററിൽ കുറിച്ചിരുന്നു. കിംവദന്തികൾ വിശ്വസിക്കരുതെന്നും അദ്ദേഹം തന്നെ വ്യക്തമാക്കി.
അതേ സമയം പ്രചരിക്കുന്ന ചിത്രങ്ങൾ 2011ലുണ്ടായ അപകടത്തിന്റേതാണ്. ബീഹാറിൽ വച്ചുണ്ടായതായിരുന്നു അപകടം. അന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുന്ന ചിത്രമാണ് അപകട ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്.