കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുപോകുന്നതിനിടെ മോഷണക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങി. മോഷണക്കേസ് പ്രതിയായ തമിഴ്നാട്ടുകാരനാണ് ട്രെനില്നിന്ന് രക്ഷപെട്ടത്. പ്രതിക്കായി തിരുവല്ല പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വിവിധ മോഷണക്കേസുകളില്‍ പ്രതിയായ സ്റ്റീഫനാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ട്രെയിനില്‍നിന്ന് രക്ഷപെട്ടത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ചൊവ്വാഴ്ച രാവിലെ രണ്ട് പൊലീസുകാര്‍ക്കൊപ്പമാണ് ഇയാളെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നത്.
ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്കുള്ള കേരള എക്സപ്രസില്‍ കയറ്റി തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ വിലങ്ങുമായി പ്രതി ഓടി രക്ഷപെട്ടു. പൊലീസുകാര്‍ക്കൊപ്പം സ്റ്റേഷനിലുണ്ടായിരുന്നവരില്‍ ചിലരും പിന്നാലെ ഓടിയെങ്കിലും സ്റ്റീഫനെ പിടികൂടാനായില്ല. തിരുവല്ല സ്റ്റേഷനില്‍ ട്രെയിന്‍ കുറച്ചുനേരം പിടിച്ചിട്ടപ്പോഴായിരുന്നു സംഭവം. സ്റ്റീഫന്റെ ഒരു കൈയ്യില്‍ മാത്രമേ വിലങ്ങുണ്ടായിരുന്നുള്ളു. തിരുവല്ല പൊലീസ് പ്രതിക്കായി ഊര്‍ജിതമായി തിരച്ചില്‍ നടത്തുന്നുണ്ട്.