ഹോട്ടലില്‍ മുറിയെടുത്ത് റൂമിലെ എല്‍സിഡി ടിവിയുമായി മുങ്ങുന്ന കള്ളന് പിടിയില്‍. കണ്ണൂര്‍ സ്വദേശി അന്ജിറ്റാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളത്തേയും ആലപ്പുഴയിലേയും കോഴിക്കോട്ടേയും ഹോട്ടലുകളില്‍ പ്രതി ടിവി മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ നിന്ന് ടിവി മോഷ്ടിച്ച കേസിലാണ് ഇരുപത്തിരണ്ടുകാരനായ അന്ജിറ്റ് അറസ്റ്റിലായത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സമാന രീതിയില്‍ ആലപ്പുഴയിലും കോഴിക്കോട്ടും പ്രതി ടിവി മോഷ്ടിച്ചിരുന്നതായി വിവരം ലഭിച്ചത്. അഡ്വാന്‍സ് നല്കി ഹോട്ടലില്‍ മുറിയെടുത്ത ശേഷം, എല്‍സിഡി ടിവി അഴിച്ച് ബാഗിലാക്കി മുങ്ങുകയാണ് ഇയാളുടെ രീതി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പേരുമാണ് മുറിയെടുക്കാന്‍ പ്രതി ഉപയോഗിച്ചിരുന്നത്.
മോഷണം നടന്ന ഹോട്ടലുകളില്‍ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി. മോഷ്ടിച്ചു വിറ്റ രണ്ടു ടിവികള്‍ പൊലീസ് കണ്ടെത്തി. കണ്ണൂരില്‍ വിറ്റ ഒരു ടിവി കണ്ടെത്തേണ്ടതുണ്ട്.