അമ്പലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ ചിട്ടി നടത്തിപ്പുകാരന് സുരേഷിനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും. കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച ഉണ്ടായേക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വേണുവിന്റെയും സുമയുടെയും നാടായ കീരിത്തോട്ടിലെത്തി.
ഇടുക്കി സ്വദേശികളായ ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. മറിച്ചാണെന്ന വാദത്തിന് പിന്‍ബലമായുള്ളത് വേണുവിന്റെയും സുമയുടെയും മരണമൊഴി മാത്രം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിട്ടിനടത്തിപ്പുകാരന്‍ സുരേഷിനെ മൂന്നുദിവസം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന്റെ സൂചനകള്‍ ലഭിച്ചില്ല. ഇയാളുടെ ഭാര്യ മകന് എന്നിവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. സംഭവത്തിലെ ഏക ദൃക്സാക്ഷി സുരേഷിന്റെ മകനാണ്.
ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കസ്റ്റഡിയിലുള്ള ചിട്ടിയുടമയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. തെളിവെടുപ്പിന്റെ ഭാഗമായി അമ്പലപ്പുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി കീരിത്തോട്ടിലെത്തിയിരുന്നു. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയാണ് പൊലീസ് കുടുംബത്തോടും പറഞ്ഞത്. വീട്ടിലെത്തിയ അന്വേഷണ സംഘം മകന്റെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
ജീവനൊടുക്കാനുള്ള സാഹചര്യമില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോട് ആവര്‍ത്തിച്ചു. സംഭവം നടന്ന അമ്പലപ്പുഴയിലെ വീട്ടുമുറ്റത്തുനിന്ന് മിനറല്‍ വാട്ടര്‍ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതിലാണ് പെട്രോള്‍ കരുതിയിരുന്നത്. പെട്രോള്‍ വാങ്ങിയതാരെന്ന് കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. പ്രസ്തുത കുപ്പിവെള്ള കമ്പനിക്ക് അമ്പലപ്പുഴയില്‍ വിതരണ ശൃംഘലയില്ലെന്ന സൂചന പൊലീസ് നല്കുന്നു.
Advertisement