അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഭാഗമായ പതക്കം എങ്ങനെ നഷ്ടപ്പെട്ടു എന്നതില്‍ ആശയക്കുഴപ്പം. ആഭരണം കാണാതായ സംഭവത്തില്‍ അന്വേഷണം തുടങ്ങിയ ജില്ലാ ക്രൈംബ്രാഞ്ച് മുഴുവന്‍ ക്ഷേത്രം ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ക്ഷേത്രങ്ങളിലെ മോഷണങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് വിഭാഗവും സ്ഥലത്തുണ്ട്. ഇതിനൊപ്പം ദേവസ്വം വിജിലന്‍സും തിരുവാഭരണ കമ്മീഷനും തെളിവെടുപ്പ് നടത്തുന്നുണ്ട്.
മാര്‍ച്ച് ഇരുപത്തിനാലിന് ആറാട്ടുസമയത്ത് തിരുവാഭരണത്തിനൊപ്പം സ്വര്‍ണ്ണ പതക്കം ഉണ്ടായിരുന്നെന്ന് മേല്‍ശാന്തിമാര്‍ പൊലീസിന് മാഴി നല്കി. എന്നാല്‍ ചടങ്ങുകള്‍ക്കുശേഷം ഇത് അഴിച്ചുവച്ചിരുന്നോ എന്ന് ആര്‍ക്കും ഓര്‍മ്മയില്ല. മൂന്നാഴ്ചക്കുശേഷം വിഷുവിന് അണിയേണ്ടതുള്ളതിനാല് ആഭരണങ്ങള്‍ സ്ട്രോങ് റൂമിനുള്ളിലേക്ക് മാറ്റിയിരുന്നില്ല. മുഴുവന്‍ ക്ഷേത്രം ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. റേഞ്ച് ഐജി പി വിജയന്റെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുപ്പ്
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. ആലപ്പുഴ എസ്പി മേല്‍നോട്ടം വഹിക്കും. ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്ക്വാഡ് ഡിവൈഎസ്പിയും സംഘവും അന്വേഷണത്തെ സഹായിക്കും. വിരലടയാള വിദഗ്ധര്‍ സ്ട്രോങ് റൂമില്നിന്നുള്പ്പെടെ തെളിവുകള്‍ ശേഖരിച്ചു. ദേവസ്വം വിജിലന്‍സ് എസ്പിയും സമാന്തരമായി അന്വേഷണം തുടങ്ങി. പതക്കം എന്ന് എവിടെവച്ച് നഷ്ടപ്പെട്ടു എന്നതില്‍ കൃത്യമായ കണ്ടെത്തലിനാണ് ആദ്യ ശ്രമം. തിരുവിതാംകൂര്‍ ദേവസ്വം തിരുവാഭരണകമ്മീഷനും ക്ഷേത്രത്തിലെത്തി ആഭരണങ്ങളുടെ കണക്കെടുപ്പ് നടത്തി.