കാസർകോട് ബന്തടുക്കയിൽ ജ്വല്ലറിയുടെ ചുമർ കുത്തിതുറന്ന് മോഷണം. അഞ്ച് കിലോ വെള്ളിയും മുക്കാൽ കിലോ സ്വർണവും കവർന്നു. ബന്തടുക്ക ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലാണ് കവർച്ച നടന്നത്.
രാവിലെ ജീവനക്കാർ കട തുറക്കാനായി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കെട്ടിടത്തിന്റെ പിറക് വശത്തെ ചുമർ തുരന്ന് അകത്ത് കടന്ന് സ്ട്രോങ് റൂം തകർത്തായിരുന്നു കവർച്ച. നാല് കിലോ വെളളിയും മുക്കാൽ കിലോയിലധികം സ്വർണവും നഷ്ടമായതായി ഉടമകൾ പറയുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.ആദൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം. തുടങ്ങി. മൂന്ന് മാസം മുമ്പ് ഇതേ ഉടമയുടെ കുണ്ടംകുഴിയിലെ ജ്വല്ലറിയിലും കവർച്ച നടന്നിരുന്നു.