കൊച്ചിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്ന് വേട്ട. ഗോവയിൽ നിന്ന് വിൽപനയ്ക്കെത്തിച്ച കൊക്കെയ്നും ചരസും എം.ഡി.എം.എയുമടക്കമുള്ള വീര്യം കൂടിയ ലഹരിമരുന്നുകൾ പിടികൂടി. ഇത് വിൽപനയ്ക്കായി കൊണ്ടുവന്ന കൊച്ചി കുമ്പളം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു.
കൊച്ചി കുണ്ടന്നൂരിൽ സനീഷിന്റെ വാഹനത്തിനുള്ളിൽ നിന്നാണ് വീര്യമേറിയ ലഹരിമരുന്നുകൾ എക്സൈസ് പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന അൻപത് ഗ്രാം എംഡിഎംഎ, 250 ഗ്രാം ചരസ്, 11 ഗ്രാം കൊക്കെയ്ൻ, മൂന്ന് ഗ്രാം എൽഎസ്ഡി ഓയിൽ എന്നിവ പിടിച്ചെടുത്തു. വിൽപനയ്ക്കായി ചരസ് ചെറിയ കട്ടകളാക്കിയും കൊക്കെയ്ൻ ചെറിയ കുപ്പിയിൽ നിറച്ചുമാണ് സൂക്ഷിച്ചിരുന്നത്.
ലഹരിമരുന്നുകൾ ഗോവയിൽ നിന്ന് വിൽപനയ്ക്കെത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു ഗ്രാം എംഡിഎംഎ അയ്യായിരം രൂപയ്ക്കും എൽഎസ്ഡി ഓയിൽ നിറച്ച പഞ്ചസാരക്കട്ടകൾ മൂവായിരം രൂപയ്ക്കുമാണ് വിൽപന നടത്തിയിരുന്നത്. രണ്ടുഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. സനീഷ് സ്ഥിരമായി ഗോവയിൽ നിന്ന് ലഹരിവസ്തുക്കൾ എത്തിക്കാറുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്. ലഹരിവസ്തുക്കൾ വിൽപനയ്ക്കെത്തിച്ച വാഹനവും എക്സൈസ് പിടിച്ചെടുത്തു.