പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കല്ലൂപ്പാറയില്‍ സ്വകാര്യബസ് അടിച്ചു തകര്‍ത്ത ഗുണ്ടകള്‍ അറസ്റ്റില്‍. പത്തനംതിട്ട കടമാന്‍കുളം സ്വദേശി പ്രവീണും കോഴിക്കോട് അമ്പായത്തോട് സ്വദേശി വിപിനുമാണ് പിടിയിലായത്.
പത്തനംതിട്ട കല്ലൂപ്പാറ സര്‍ക്കാര്‍ ആശുപത്രിപ്പടിയില്‍ ബുധനാഴ്ച സ്വകാര്യബസ് അടിച്ചു തകര്‍ത്ത കേസിലാണ് രണ്ടുപേര്‍ അറസ്റ്റിലായത്. പിടിയിലായ പ്രവീണ്‍ എന്നുവിളിക്കുന്ന ബസലേല്‍ ആണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയാണ് പിടിലായ കെ.സി.വിപിന്‍. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ രാവിലെ ബസ് തട്ടിയിരുന്നു. ഇതേതുടര്‍ന്ന് ബസ് ജീവനക്കാരുമായി തര്‍ക്കമുണ്ടായി. വൈകീട്ട് ഇരുമ്പുവടികളുമായി കാത്തുനിന്ന പ്രതികള്‍ ബസ് തടഞ്ഞുനിര്‍ത്തി അടിച്ചു തകര്‍ക്കുകയും ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമണം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനുശേഷം തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയ്ക്കെന്ന പേരില്‍ അഡ്മിറ്റാകാന്‍ ശ്രമിച്ച പ്രതികളെ കീഴ്വായ്പൂര് എസ്.ഐ രമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. മുഖ്യപ്രതിയായ പ്രവീണ്‍ വിവിധ കേസുകളില്‍ പ്രതിയാണ്. മര്‍ദനത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ ജോബിന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.