ഡിണ്ടിഗലില്‍ അണ്ണാ ഡിഎംകെ നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. 35 കാരനായ പത്മനാഭനാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. ഡിണ്ടിഗലിലെ ബാലകൃഷ്ണപുരം പഞ്ചായത്തംഗം കൂടിയായ പത്മനാഭനെ നാലംഗ സംഘം ആക്രമിയ്ക്കുകയായിരുന്നു. കുട്ടികളെ സ്കൂളില്‍ വിട്ട് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. തലയിലും കഴുത്തിലും മാരകമായി വെട്ടേറ്റ പത്മനാഭന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് പ്രത്യേക പൊലിസ് സംഘത്തെ ഇതിനായി നിയോഗിച്ചു. മിതഭാഷിയായ പത്മാനഭന് ശത്രുക്കള്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അണ്ണാ ഡിഎംകെ രണ്ടായി പിളര്‍ന്നപ്പോള്‍ ഒ.പി.എസ് വിഭാഗത്തെ പിന്തുണച്ച പത്മനാഭന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ടോ എന്നാണ് ബന്ധുക്കളുടെ സംശയം. എന്നാല്‍ വ്യക്തി വൈരാഗ്യമാകാം കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്.
Advertisement