ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയടക്കം ഏഴ്പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുഹമ്മദ് ഷാലിക് എന്ന പത്തൊന്‍പത് വയസുകാരനാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. ഷാലിക്കും മറ്റൊരു മതത്തില്‍പ്പെട്ട 15 വയസുള്ള പെണ്‍കുട്ടിയും തമ്മില്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തിനെതിരായിരുന്നു. രാത്രി കാലത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇരുവരും കാണാറുണ്ടായിരുന്നു.
ഷാലിക്കിനെ പലവട്ടം വിലക്കിയതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മൊഴിനല്‍കി. കഴിഞ്ഞ അഞ്ചാംതീയതി പെണ്ൃകുട്ടി ഷാലിക്കിനെ വിളിച്ചു. രാമനവമി ആഘോഷത്തിനിടെ ഗുമ്ന ടൗണില്‍ വച്ച് ഇരുവരും കണ്ട് മുട്ടി. രാത്രി പെണ്‍കുട്ടിയെ സ്കൂട്ടറില്‍ വീടിനടുത്ത് കൊണ്ട് വിട്ട ഷാലിക്കിനെ ബന്ധുക്കളും അയല്‍ക്കാരും പിടികൂടി. മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. രാത്രി രണ്ടുപേരെത്തി ഷാലിക്കിനെ പിതാവ് മുഹമ്മദിനെ വിവരം അറിയിച്ചു.
മുഹമ്മദ് പൊലീസിനെയും കൂട്ടി എത്തിയപ്പോഴാണ് മരത്തില്‍ കെട്ടിയിട്ട നിലയില്‍ ഷാലിക്കിനെ കണ്ടെത്തിയത്. ഗുരുതരമായിപരുക്കേറ്റ മുഹമ്മദിനെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസം മരിച്ചു. മുഹമ്മദിന്റെ പ്രായപൂര്‍ത്തിയാകാത്ത കാമുകിയടക്കം ഏഴ്പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു പേര് അറസ്റ്റിലായി. മുഹമ്മദിനെ വിളിച്ചു വരുത്തിയതിനാണ് പെണ്‍കുട്ടിയെ അടക്കം പ്രതി ചേര്‍ത്തത്.
Advertisement