തൊടുപുഴ ന്യൂമാന്‍ കോളജില്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് അടിച്ചുതകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത് ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. പ്രസ് ക്ലബില്‍ പത്രസമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു പൊലീസിന്റെ നടപടി.
ചൊവ്വാഴ്ചയാണു ന്യൂമാന്‍ കോളജില്‍ എസ്എഫ്ഐ സമരം അക്രമാസക്തമായത്. അടിപിടികേസിനെ തുടര്‍ന്ന് പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിനിടെ പ്രിന്‍സിപ്പലിന്റെ ഓഫിസിലെത്തിയ നാല്പതിലേറെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നിതിനിടെയാണ് പ്രകോപിതരായ വിദ്യാര്‍ഥികള്‍ ഓഫിസ് അടിച്ചു തകര്‍ത്തത്. ഫയലുകള്‍ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികള്‍ കംപ്യൂട്ടറും ഓഫിസിലെ ചില്ലുകളും തകര്‍ത്തു. കണ്മുമ്പില് സംഭവം നടന്നിട്ടും ഒരാളെ പോലും പിടികൂടാന്‍ പൊലീസ് തയ്യാറായില്ല. ഇത് വിവാദമായി. പൊലീസ് നിലപാടിനെതിരെ കോളജ് അധികൃതരും മാതാപിതാക്കളും അധ്യാപകരും രംഗത്തുവന്നു. ഇതിനിടെയാണ് കോളജ് അധികൃതര്‍ക്കെതിരെ പത്രസമ്മേളനം നടത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത. പത്രസമ്മേളനം കഴിഞ്ഞിറങ്ങിയ ജില്ലാ സെക്രട്ടറി എം.എസ്. ശരത്, ജോയിന്റ് സെക്രട്ടറി ജിതിന്ബോസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അബിന്‍ രാജേന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്. സസ്പെന്‍്ഡ് ചെയ്ത വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്നു പലതവണ കോളജ് അധികൃതരോട് അഭ്യര്‍ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നാ്ണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ വിശദീകരണം. പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനം പ്രിന്‍സിപ്പല്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് കോളജിനുള്ളില്‍ അനിഷ്ടസംഭവങ്ങളുണ്ടായതെന്നും നേതാക്കള്‍ വിശദീകരിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മാതാപിതാക്കളും അധ്യാപകരും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.