സഹപാഠിയോട് സംസാരിച്ചതിന് കോളജ് വിദ്യാര്‍ഥിക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് സര് സയിദ് കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ലാല്ജിത്തിനെയാണ് ഒരു സംഘം കാറില്‍ കയറ്റിക്കൊണ്ടു പോയി മൂന്നുമണിക്കൂര്‍ മര്‍ദനത്തിന് ഇരയാക്കിയത്. കേസില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലുണ്ട്.
തളിപ്പറമ്പ് മന്നയില്‍ സര്‍സയിദ് കോളജിനു മുന്നിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം.ക്ലാസ് വിട്ട് ബസ് കയറാന്‍ നില്ക്കുമ്പോള് ബസ് ഷെല്‍ട്ടറില്‍ വെച്ച് സഹപാഠിയുമായി സംസാരിച്ചുനില്ക്കുകയായിരുന്നു ലാല്‍ജിത്ത്. പെണ്‍കുട്ടിയോട് സംസാരിച്ചുനില്ക്കുന്നത് ചോദ്യം ചെയ്തെത്തിയ ഒരു സംഘം പെണ്‍കുട്ടിയുടെ മുമ്പില്‍ വെച്ച് ലാല്‍ജിത്തിനെ അസഭ്യം വിളിച്ച് പെണ്‍കുട്ടിയെ ഒാടിച്ചുവിട്ടു. തുടര്‍ന്ന് ബലമായി ലാല്ജിത്തിന് കാറില്പിടിച്ചുകയറ്റി അള്ളാംകുളത്ത് എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മൂന്നുമണിക്കൂറോളം ക്രൂരമായ മര്‍ദനത്തിന് ഇരയാക്കിയ ശേഷമാണ് ലാല്ജിത്തിന് ടാഗോര്‍ സ്കൂളിന് സമീപത്തെ റോഡില്‍ ഇറക്കിവിട്ടത്. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്സും അക്രമികള്‍ തട്ടിയെടുത്തതായും ലാല്‍ജിത്ത് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.ഗുരുതരമായി പരുക്കേറ്റ ലാല്‍ജിത്ത് തളിപ്പറമ്പ് സഹകരണആശുപത്രിയില്‍ ചികില്‍സയിലാണ്. കേസില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Advertisement