തിരുവനന്തപുരം വർക്കലയിൽ നാലരവയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി പിടിയിൽ. വർക്കല മേൽവെട്ടൂർ മേലേച്ചിറ സ്വദേശി സജീവ് എന്ന 39കാരനാണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതി പിടിയിലായത്.
ഒളിവിലായിരുന്ന സജീവിനെ ആറ്റിങ്ങലിനുസമീപം അയിലത്ത് നിന്നാണ് സർക്കിൾ ഇൻസ്പെക്ടർ ബി.എസ്. സജിമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശാരീരികാസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വർക്കല ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡുചെയ്തു. ഈ മാസം 23നായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. സ്വന്തംവീട്ടിലെ കുട്ടികളോടൊപ്പം കളിക്കാനെത്തിയ കുട്ടിയെ പ്രതി ആക്രമിക്കുകയായിരുന്നു.