കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മദ്യവില്‍പ്പന ശാല തുടങ്ങാനിരുന്ന കെട്ടിടത്തില്‍ നിന്നും 70 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ പ്രിന്ററും മറ്റു രേഖകളും കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് എക്സൈസിന്റെ നടപടി.
മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതിനായി ബിവറേജസ് കോര്പ്പറേഷന് കണ്ടുവെച്ചിരുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ മണിമല റോഡിന് സമീപം പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാല ഇവിടെ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ നല്കിയ കേസ് ഹൈക്കോടതിയില്‍ നടന്ന് വരികയാണ്. ഒപ്പം നാട്ടുകാരുടെ നേതൃത്വത്തില്‍ സമരവും നടക്കുന്നുണ്ട്. കെട്ടിടത്തിനുള്ളില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം കെട്ടിടത്തില്‍ പരിശോധന നടത്തിയത്. മദ്യവില്‍പ്പന ശാല അഞ്ചിലിപ്പയില്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നാണ് ബവ്കോ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസ് പരിഗണിക്കാനിരിക്കേ ലൈസന്‍സ് ലഭിച്ചെന്നത് വ്യാജ പ്രചരണമാണെന്ന് നാട്ടുകാരും പറയുന്നു. ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് ബവ്കോ മാനേജരോട് എക്സൈസ് അധികൃതര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കെട്ടിട ഉടമയ്ക്കെതിരെയും ബവ്കോ മാനേജര്‍ക്കെതിരെയും കേസെടുക്കുമെന്നും എക്സൈസ് അറിയിച്ചു.