സ്ത്രീകളോടൊപ്പം നിര്‍ത്തി ഫോട്ടോയെടുക്ക് ബ്ലാക് മെയില്‍ ചെയ്ത് പണവും സ്വര്‍ണവും കാറും തട്ടിയെടുക്കുന്ന ഏഴംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ഒട്ടേറെ പേരില്‍ നിന്നായി അഞ്ചു ലക്ഷത്തോളം രൂപയും കാറും തട്ടിയെടുത്തതായി പിടിയിലായവര്‍ പൊലീസിനോട് വെളിപ്പെടുത്തി. പെരുന്തല്‍മണ്ണ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയാണ് സംഘത്തിന്റെ രീതി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുക്കും. ഇതേരീതിയില്‍ തട്ടിപ്പിനിരയായ പെരുന്തല്‍മണ്ണ സ്വദേശിയായ യുവാവിന്റെ പരാധിയിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ചെറുകര സ്വദേശികളായ സുധീഷ്, ഷമീര്‍, നാലകത്ത് മുഹമ്മദ് നൗഷാദ്, അബ്ദുള്‍ വാഹിദ്, മുഹമ്മദ് ഷബീബ്, യാസിര്‍, പിച്ചന്മഠത്തില് റയ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 23നാണ് പെരുന്തല്‍മണ്ണ സ്വദേശിയായ യുവാവിനെ റയ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞു.
തുടര്‍ന്ന് ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് വിജനമായ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി. ഈ സമയം നാട്ടുകാരെന്ന വ്യാജേന സംഘത്തിലെ മറ്റുള്ളവര്‍ ഇവിടെ എത്തുകയും ഇരുവരെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിന്റെ കാര്‍ സംഘം തട്ടിയെടുത്തു. ഇതിലൊതുങ്ങിയില്ല ഇവരുടെ തട്ടിപ്പ്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആറുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും ബ്ലാക്മെയില്‍ ഫോണ്‍കോളെത്തി. ഇതേതുടര്‍ന്നാണ് യുവാവ് പെരുന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയത്. എ.എസ്.പി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം DYSP സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.