കായംകുളത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാര്‍ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തിയ യുവാവിന്റെ നില മെച്ചപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇലിപ്പക്കുളം സ്വദേശി നിസാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. വള്ളികുന്നത്തു വച്ച് ബൈക്കോടിച്ചുപോയ നിസാമിനെ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ വി.കണ്ണനെ സസ്പെന്‍ഡ് ചെയ്തു.
എട്ടുമണിയോടെ ചൂനാട് ജംക്ഷന് സമീപത്തുള്ള പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മല്‍സ്യവ്യാപാരിയായ നിസാം ഓച്ചിറയില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് തിരിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. തലയടിച്ച് നിസാം റോഡില്‍ വീണു. അബോധാവസ്ഥയിലായ നിസാമിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം പുറത്തുള്ള സ്വകാര്യലാബില്‍ എത്തിച്ച് സ്കാനിങ്ങിന് വിധേയനാക്കി. ഒന്നര മണിക്കൂറിന് ശേഷമാണ് നിസാമിന് ബോധം തിരിച്ചുകിട്ടിയത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ പൊലീസിനു നേരെ പ്രതിഷേധസ്വരം ഉയര്‍ത്തി.
സംഭവത്തില്‍ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി. കണ്ണനെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖാണ് അന്വേഷണവിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി കെ.ആര് ശിവസുതുന് പിള്ളയെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തി.