ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി മേഖലയില്‍ മാലമോഷണം പെരുകുന്നു. ഇന്ന് രണ്ട് സ്ത്രീകളുടെ മാലയാണ് മോഷ്ടാക്കള്‍ റോഡില്‍വച്ച് കവര്‍ന്നത്.
പുലര്‍ച്ചെ നാലുമണിക്ക് ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം മുളകുപൊടി മുഖത്തെറിഞ്ഞശേഷമായിരുന്നു ആദ്യ മോഷണം. തലവടി എട്ടാം വാര്‍ഡില്‍ സൂസമ്മ ചാക്കോയുടെ മാലയാണ് രണ്ടുപേരടങ്ങുന്ന സംഘം കവര്‍ന്നത്. ക്ഷേത്ര ജംക്ഷനിലെ മില്‍മ ബൂത്ത് തുറക്കുന്നതിനായി വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റോഡരുകില്‍ പതുങ്ങിയിരുന്ന സംഘം, സൂസമ്മ അടുത്തെത്തിയപ്പോള്‍ മുളകുപൊടി എറിഞ്ഞശേഷം ഒരു പവന് തൂക്കമുള്ള മാല തട്ടിയെടുത്തു.
സൂസമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന വിശ്വംഭരനെന്നയാളിന്റെ മുഖത്തേക്കും മുളകുപൊടി എറിഞ്ഞിരുന്നു.എടത്വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ തിരുവല്ലയ്ക്ക് സമീപം ഉണ്ടപ്ലാവില്‍ ബൈക്കിലെത്തിയ സംഘം നാലുപവന്റെ മാലയാണ് മോഷ്ടിച്ചത്. ഉണ്ടപ്ലാവ് സ്വദേശിനി ഗീതയുടെ മാല മോഷ്ടിച്ചതിന് പുളിക്കീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്.