ചെന്നൈയില്‍ മുന്‍ സഹപ്രവര്‍ത്തകയെ കുത്തിക്കൊല്ലാന്‍ യുവാവിന്റെ ശ്രമം. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ചെന്നൈ ടിനഗറിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശിനിയായ 31 കാരി സുചിസ്മിതയ്ക്കാണ് യുവാവിന്റെ കുത്തേറ്റത്. ജോലിയ്ക്കിറങ്ങിയ യുവതിയെ ശിവകാശി സ്വദേശിയായ 22കാരന് രഘുനാഥ് കത്തി കൊണ്ട് കുത്തുകയായിരുന്നു. ഓടികൂടിയവര്‍ക്ക് നേരെ കത്തിവീശി യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ബല പ്രയോഗത്തിലൂടെ കീഴടക്കി പൊലിസില്‍ ഏല്‍പ്പിച്ചു. സുചി സ്മിത ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നതും കുത്തേറ്റ് തിരിച്ചോടി വരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ആശുപത്രിയിലേയ്ക്ക് മാറ്റിയ യുവതി ചികില്‍സയിലാണ്.
മുന്‍വൈരാഗ്യമാണ് ആക്രമത്തിനു പിന്നിലെന്നാണ് സൂചന. ചോദ്യം ചെയ്യലിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. സുചി സ്മിത ജോലി ചെയ്തിരുന്ന കന്പനിയിലായിരുന്നു ഏതാനും മാസങ്ങള്‍ക്കു മുന്‍പു വരെ രഘുനാഥും ജോലി ചെയ്തിരുന്നത്. 2016 ജൂണില്‍ ചെന്നൈ നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നടന്ന സമാനമായ സംഭവത്തില്‍ ഐടി ജീവനക്കാരിയായ സ്വാതി ദാരുണമായി കൊല്ലപ്പെട്ടിരുന്നു. പ്രണയഭ്യര്ഥനയെ നിരസിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.