മൊഹാലിയില്‍ ഭര്‍ത്താവിനെ കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും കുടുംബാംഗങ്ങളും പിടിയില്‍. ഏകം സിങ് ധില്ലന് എന്ന ബിസിനസുകാരനെയാണ് ഭാര്യ സീറത്ത് കൌര്‍ വെടിവച്ച് കൊന്ന ശേഷം സ്യൂട്ട്കേസിലടച്ചത്.
കുടുംബവഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്ന് സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ധില്ലനുമായി സീറത്ത് കൌര്‍ വഴക്കിടുക പതിവാണ്. ശനിയാഴ്ചയുണ്ടായ വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന പിസ്റ്റളെടുത്ത് തലയ്ക്കുനേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവെച്ച് തന്നെ ധില്ലന് ജീവന് നഷ്ടമായി. വലിയൊരു സ്യൂട്ട് കേസിലാക്കി ഭര്‍ത്താവിന്റെ മൃതദേഹം കനാലില്‍ തള്ളാനാണ് സീറത്ത് കൌര്‍ പദ്ധതിയിട്ടത്. സഹോദരന്റേയും അമ്മയുടേയും സഹായത്തോടെ മൃതദേഹം സ്യൂട്ട് കേസിലാക്കിയ സീറത്ത് കൌര്‍ കാറിലേക്ക് പെട്ടി കയറ്റുന്നതിനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായം തേടി.
പെട്ടി ഉയര്‍ത്തുന്നതിനിടെ ചോര കയ്യില്‍ പറ്റിയ ഓട്ടോ ഡ്രവര്‍ക്ക് തോന്നിയ സംശയമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ പൊലീസിലറിയിച്ചു. പൊലീസെത്തിയപ്പോഴേക്കും രണ്ട് മക്കളേയും തനിച്ചാക്കി സീറത്തും ബന്ധുക്കളും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ മൂവരേയും പൊലീസ് കണ്ടെത്തി. 12 വര്‍ഷം മുമ്പായിരുന്നു ഏകം സിങ്ങിന്റേയും സീറത്തിന്റേയും വിവാഹം. ഇവരുടെ രണ്ട് കുട്ടികളും കൊലപാതകം നടക്കുമ്പോള്‍ ഫ്ലാററിലുണ്ടായിരുന്നു.
എന്നാല്‍ ഉറക്കത്തിലായിരുന്നതിനാല്‍ ഒന്നും അറിഞ്ഞില്ലെന്നാണ് കുട്ടികളുടെ മൊഴി.