സോഡ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ ?

soda-drinks
12/09/2014, Goli Soda at Kasaragod-photo by Fahad Muneer
SHARE

എന്താണ് സോഡ? ശുദ്ധജലത്തിൽ കാർബൺഡൈഓക്‌സൈഡ് അൽപമർദത്തിൽ ലയിപ്പിക്കുന്നതാണു സോഡ. കാർബൺഡൈഓക്‌സൈഡ് വാതകം വളരെക്കുറച്ചു മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. കഴിക്കുന്ന ആഹാരപദാർഥങ്ങളുടെ ചയാപചയത്തിലൂടെ ഓരോ ദിവസവും ലീറ്റർ കണക്കിനു കാർബൺഡൈഓക്‌സൈഡ് നാം ഉച്‌ഛ്വസിക്കുന്നു. ചെറിയ അളവിൽ ഈ വാതകം നമ്മുടെ രക്‌തത്തിൽ അലിഞ്ഞുചേർന്നിട്ടുമുണ്ട്. സോഡയിൽ വെള്ളത്തിനു പുറമേ ചേർക്കുന്ന ഏക ഘടകമായ കാർബൺഡൈഓക്‌സൈഡ് നേരിയ അളവിൽ അപകടകാരിയായ വിഷവസ്‌തുവല്ല. 

സോഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും കാർബൺഡൈഓക്‌സൈഡ് വാതകം കലർപ്പില്ലാത്തതുമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ഒരു ദോഷവും ഉണ്ടാവില്ല. കാർബൺഡൈഓക്‌സൈഡ് വെള്ളത്തിൽ ലയിക്കുമ്പോൾ ജലത്തിന് അമ്ലത ഉണ്ടാകുന്നു എന്നും അമ്ലം പല്ലുകളെ ദ്രവിപ്പിക്കാൻ കഴിവുള്ളതാണെന്നും പലരും വാദിക്കാറുണ്ട്. ഈ പരാമർശത്തിലെ ആദ്യഭാഗം തികച്ചും ശരിയാണ്. പക്ഷേ, കാർബൺഡൈഓക്‌സൈഡ് വാതകം വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന അമ്ലത നമ്മുടെ പല്ലുകളെ ദ്രവിപ്പിക്കാൻ തക്കവണ്ണം വീര്യമുള്ളതല്ല. വല്ലപ്പോഴും കുടിക്കുന്ന സോഡയുടെ അംശമൊന്നും പല്ലുകളുമായി ഏറെനേരം ബന്ധം പുലർത്താനുള്ള സാധ്യതയുമില്ല. ശുദ്ധമായ സോഡ കുടിക്കുമ്പോൾ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ല. പക്ഷേ, അമിതമായ മർദത്തിൽ കാർബൺഡൈഓക്‌സൈഡ് കുപ്പിക്കുള്ളിൽ അടച്ച് വിപണനം ചെയ്യുകയാണെങ്കിൽ ആ സോഡ 

കുടിക്കുമ്പോൾ കുറച്ചു നേരത്തേക്ക് വയറ്റിൽ ഗ്യാസ് പെരുകിയാൽ അത്ഭുതപ്പെടേണ്ട. രണ്ടുമൂന്ന് ഏമ്പക്കം വിടുമ്പോൾ ഈ ഗ്യാസ് പുറത്തേക്കു പോകുകയും ചെയ്യും. ആ അനുഭവം എല്ലാവർക്കും തുല്യമാകണമെന്നില്ല. 

സോഡ അണുനാശിനിയാണെന്നും അതുകൊണ്ട് ധൈര്യമായി കുടിക്കാമെന്നും പലർക്കും വിശ്വാസമുണ്ട്. അബദ്ധധാരണയാണിത്. കാർബൺഡൈഓക്‌സൈഡ് നൽകുന്ന അമ്ലത ഒരു രോഗാണുവിനെയും നശിപ്പിക്കാൻ തക്ക വീര്യമുള്ളതല്ല. ശുദ്ധമല്ലാത്ത ജലസ്രോതസ്സുകളിൽനിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ചു നിർമിക്കുന്ന സോഡ ഗുരുതരമായ വയറിളക്ക രോഗങ്ങൾ വിളിച്ചുവരുത്തും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സോഡയുടെ സുരക്ഷിതത്വം അതു നിർമിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 

ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

സോഡയ്‌ക്ക് ബ്രിട്ടൻ ഉൾപ്പെടെയുള്ള പല യൂറോപ്യൻ രാജ്യങ്ങളിലുമുള്ള പേര് സ്‌പാർക്ലിങ് വാട്ടർ എന്നാണ്. സാർഥകമായ പേരാണിത്. കാർബൺഡൈഓക്‌സൈഡ് തൻമാത്രകൾ ചെറിയ തോതിൽ ജല തൻമാത്രകളുമായി കൂടിക്കലരുമ്പോൾ ശുദ്ധജലത്തിനു വെട്ടിത്തിളങ്ങുന്ന ഒരു ശോഭ ലഭിക്കുന്നു. സോഡയ്‌ക്കുള്ള മറ്റൊരു ചെല്ലപ്പേര് ക്ലബ് സോഡ എന്നാണ്. മദ്യപരുടെ ക്ലബുകളിൽ വീര്യം കൂടിയ വിസ്‌കി, ബ്രാൻഡി, റം തുടങ്ങിയ പാനീയങ്ങൾ നേർപ്പിക്കാൻ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ശുദ്ധജലം ലോകമെമ്പാടും ശീതീകരിച്ച സോഡയ്‌ക്ക് വഴിമാറിക്കൊടുത്തിരിക്കുന്നു. 

മാടക്കടയിൽനിന്നു വാങ്ങുന്ന സോഡയും പഞ്ചനക്ഷത്ര ക്ലബിൽനിന്നു ലഭിക്കുന്ന സോഡയും തമ്മിൽ ഘടനയിലോ സ്വഭാവഗുണങ്ങളിലോ ഒരു വ്യത്യാസവും ഇല്ല. ശുദ്ധസോഡയെക്കാളേറെ ഇന്നു കമ്പോളത്തിൽ ലഭ്യമാകുന്നത് കാർബൺഡൈഓക്‌സൈഡ് ചേർത്ത ലഘുപാനീയങ്ങളാണ്. 

മറ്റൊരു വിധത്തിൽ പാനീയങ്ങളെല്ലാം തന്നെ സോഡയിൽ നിർമിച്ചതാണ്. ശീതീകരിച്ച സോഫ്‌റ്റ് ഡ്രിങ്ക് കുപ്പിയുടെ അടപ്പ് മാറ്റുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ് കുമിളകൾ നുരഞ്ഞുപൊങ്ങുന്നു. ഈ അവസ്‌ഥയിൽ പാനീയം കൂടുതൽ ഹൃദ്യമാകുന്നു എന്നു പറയാതെവയ്യ. സോഡയിൽ നിർമിച്ചു എന്നതുകൊണ്ട് പാനീയം കൂടുതൽ അപകടകാരിയാകുന്നുമില്ല. ഫോസ്‌ഫോറിക് ആസിഡ് അടങ്ങിയ കോളകളിൽ കുറച്ച് കാർബൺഡൈഓക്‌സൈഡ് കൂടി ചേരുമ്പോൾ അപകടം ഒട്ടും വർധിക്കുന്നില്ല. 

കൃത്രിമ പാനീയങ്ങളെപ്പോലെ തന്നെ പ്രകൃതിദത്തമായ പഴച്ചാറുകളും സോഡ ചേർത്ത് ധാരാളം വിപണനം ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ അവ കൂടുതൽ ജനപ്രിയമാകുന്നു എന്നതാണ് ഉൽപ്പാദകരുടെ അനുഭവം. നമുക്കു ദാഹിക്കുമ്പോൾ ദാഹശമനത്തിന് ഏറ്റവും പറ്റിയത് ശുദ്ധജലമാണ് എന്നതിനു സംശയമില്ല. ഒരു സോഡയും അതിനു ബദലാവില്ല. പക്ഷേ, ശുദ്ധജലത്തിൽ ലയിപ്പിച്ച ധാരാളം ലവണങ്ങളുള്ളതാണ് മനുഷ്യശരീരത്തിലെ ‘ജീവജലം’ എന്നറിയുമ്പോൾ സ്വൽപം കാർബൺഡൈഓക്‌സൈഡ് ചേർത്ത സോഡ കുടിക്കുന്നത് പാപമാണെന്നു കരുതാനാവില്ല. 

MORE IN AROGYAM
SHOW MORE