ഹെപ്പറ്റൈറ്റിസ് വൈറസുകളെ 2030 ഒാടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന ഇന്ന് ഹൈപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു. രക്തത്തിലൂടെയും ശരീരദ്രാവകങ്ങളിലൂടെയും പടരുന്ന ഹൈപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ജീവനെടുക്കുന്ന ഈ മാരക കരള്‍രോഗത്തിനെതിരെ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഹെപ്പറ്റൈറ്റിസ് ബിയും സിയും. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ഗുരുതര കരള്വീക്കമായ ഹെപ്പറ്റൈറ്റിസ് ബി യുടെ വൈറസ് ബാധയെ പക്ഷേ പ്രതിരോധ കുത്തിവയ്പിലൂടെ ചെറുക്കാനാകും. നിര്‍ബന്ധിത കുത്തിവയ്പിലൂടെ ചില ചെറു രാജ്യങ്ങള്‍ ഹെപ്പറ്റൈറ്റിസ് ബിയെ നിര്‍മാര്‍ജനം ചെയ്തിട്ടുമുണ്ട്. രക്തത്തിലൂടെ പടരുന്ന ഈ വൈറസിനെ ഒറ്റതവണയെടുക്കുന്ന പ്രതിരോധകുത്തിവയ്പിലൂടെ ജീവിതകാലം മുഴുവന്‍ പ്രതിരോധിച്ച് നിര്‍ത്താനാകും.
കുത്തിവയ്പിലൂടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചതും യുവാക്കള്‍ക്കിടയില്‍ ഹെപ്പറ്റൈറ്റിസ് സി പടരാന്‍ കാരണമാകുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബിയേക്കാള്‍ വേഗത്തില്‍ പടരുന്ന ഹെപ്പറ്റൈറ്റിസ് സി ക്ക് പ്രതിരോധ കുത്തിവയ്പും ഇല്ല.
സാധാരണ മഞ്ഞപ്പിത്തമായ ഹെപ്പറ്റൈറ്റിസ് എയാണ് മറ്റൊരു വില്ലന്‍. മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഈ രോഗത്തെയും പ്രതിരോധകുത്തിവയ്പിലൂടെ അകറ്റി നിര്‍ത്താം.
വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കുന്ന തരത്തിലുള്ള ഹെപ്പറ്റൈറ്റിസ് പരിശോധനയും, പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തും കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കൂടിയാണ് ഈ ഹെപ്പറ്റൈറ്റിസ് ദിനം ഒാര്‍മപ്പെടുത്തുന്നത്.