ബസ് സമരത്തെ ആര് പിന്തുണയ്ക്കും?

9pm-15-02
SHARE

ബസ് ചാര്‍ജ് മാര്‍ച്ച് ഒന്നുമുതല്‍ കൂടും. ഓര്‍ഡിനറി ബസിന് മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയാകും. കേട്ടാല്‍ വളരെ നിസ്സാരമായ വര്‍ധന. പക്ഷേ അതേ ഓര്‍ഡിനറി ബസില്‍ നിങ്ങള്‍ 15 ഫെയര്‍ സ്റ്റേജ് വരെ, അതായത് ഏതാണ്ട് 42.5 കിലോമീറ്റര്‍ യാത്രചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വരുന്ന വര്‍ധന ഒരു രൂപയല്ല, നാലുരൂപയാണ്. സിറ്റി ഫാസ്റ്റ് മുതല്‍ വോള്‍വോ വരെ വിവിധതരം ബസുകളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള വര്‍ധന. പക്ഷേ, പോട്ടെ, പല കാരണങ്ങളുണ്ട് ഈ വര്‍ധന സഹിക്കാന്‍. അതിനാലാണ് വലിയ പ്രതിഷേധമൊന്നും കൂടാതെ ജനങ്ങള്‍ അതുമായി സമരസപ്പെടാന്‍ ഒരുങ്ങുന്നത്. 

അപ്പോഴാണ് ഈ വര്‍ധന പോരെന്നും മിനിമം ചാര്‍ജ് പത്തുരൂപ ആക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. ഒരു യുക്തികൊണ്ടും അംഗീകരിക്കാന്‍ സാധിക്കാത്ത ആവശ്യം. ജനങ്ങളെ കഷ്ടപ്പെടുത്തി അത് നേടിയെടുക്കാമെന്ന വ്യാമോഹം. ഇതുമാത്രമാണ് ഈ ബസ് സമരത്തിനു പിന്നിലുള്ള പ്രേരണ. അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ എങ്ങനെയെങ്കിലും മാറ്റംവരുത്തിക്കാന്‍ സര്‍ക്കാരിനുമേല്‍ ചെലുത്തുന്ന സമ്മര്‍ദം. നാട്യം എന്തായാലും ബസ് മുതലാളിമാരുടെ ലാക്ക് ഇന്നാട്ടില്‍ നടക്കരുത്. 

നിലപാട്

9 മണിചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഇപ്പോഴത്തേതില്‍ നിന്ന് ഒറ്റപ്പൈസയും വര്‍ധിപ്പിച്ച് ബസ് ഉടമകളെ സന്തോഷിപ്പിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ജനങ്ങളെ പിഴിയുന്ന കാശുകൊണ്ട് ക്ലച്ചുപിടിക്കേണ്ടതില്ല ബസ് വ്യവസായം. സാധാരണക്കാരനെ പെരുവഴിയിലാക്കി കാര്യം നേടാനുള്ള സമരനീക്കത്തിന് പിന്തുണയുടെ കണികപോലുമില്ല. ഇത് ജനവിരുദ്ധ സമരം.

MORE IN 9MANI CHARCHA
SHOW MORE