അധികാരഹുങ്കോ ഈ ആഹ്വാനങ്ങൾക്ക് പിന്നിൽ ?

9mani-12-02-t
SHARE

രാജ്യത്തിന് ഒരാവശ്യം വന്നാല്‍ സംരക്ഷിക്കാന്‍ സൈന്യം തയ്യാറാകാന്‍ ആറേഴ് മാസമെടുക്കും. ആര്‍.എസ്.എസിന് മൂന്നുദിവസം മതി. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകളാണിത്. ബിഹാറിലെ മുസഫര്‍പുരിലായിരുന്നു ഈ പ്രസംഗം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മാതൃസംഘടനയാണ് ഇപ്പറയുന്നതെന്ന കാര്യം മാറ്റിവയ്ക്കാം. ഏത് സംഘടനയായാലും സൈന്യത്തെ ഈ നിലയില്‍ ആക്ഷേപിക്കുന്നത് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമല്ലാതെ മറ്റൊന്നുമല്ല. അതേസമയം, സ്വയം സാംസ്കാരിക സംഘടന എന്ന് അവകാശപ്പെടുന്ന ആര്‍.എസ്.എസ് ആണ് മൂന്നുദിവസം കൊണ്ട് പടയാളികളെ രംഗത്തിറക്കി രാജ്യത്തെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നത്. ആര്‍.എസ്.എസ് രാജ്യത്തെ രക്ഷിക്കുക എന്ന തമാശ അവിടെ നില്‍ക്കട്ടെ. ഇവര്‍ മൂന്നുദിവസം കൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ കഴിയുന്ന സൈന്യമായി രംഗത്തിറങ്ങുന്നതെങ്ങനെ? ഇവര്‍ക്ക് സംസ്കാരം എന്നാല്‍ ഏറ്റുമുട്ടലാണോ? സാംസ്കാരിക സംഘടന എന്നുവച്ചാല്‍ സൈനികസംഘടന ആണോ? ആരോട് ഏറ്റുമുട്ടാനാണ് ഇവര്‍ സ്വയം സൈന്യമായി മാറിക്കൊണ്ടിരിക്കുന്നത്? ആര്‍.എസ്.എസിന്റെ സേവനം ആരെ കൊന്നൊടുക്കാനാണ്?

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ചരിത്രത്തിലുടനീളം ആര്‍.എസ്.എസ് സ്വയം തെളിയിച്ചിട്ടുണ്ട്, തങ്ങള്‍ നിഗൂഢലക്ഷ്യങ്ങളുള്ള അര്‍ധസൈനിക സംഘടനയാണെന്ന്. രാജ്യത്തിന്റെ വിശ്രുതമായ സൈനികശക്തിയെ കുറച്ചുകാണുമ്പോഴും ഞങ്ങള്‍ക്ക് യുദ്ധത്തിനിറങ്ങാന്‍ മൂന്നുദിവസം മതിയെന്ന് അവകാശപ്പെടുമ്പോഴും ചരിത്രത്തിലെ കളങ്കിതമേല്‍വിലാസം അവര്‍ ഒന്നുകൂടി ഉറപ്പിക്കുന്നു എന്നേയുള്ളൂ. ഒപ്പം, ദേശീയ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച ചരിത്രമുള്ള ആര്‍.എസ്.എ‌സിന്റെ രാജ്യസുരക്ഷാ വാഗ്ദാനം കള്ളന്റെ വീടുകാവല്‍ സേവനവാഗ്ദാനമാണ്. അത്രമേല്‍ ആപത്കരം.

MORE IN 9MANI CHARCHA
SHOW MORE