ഫെയ്സ്‌ബുക്ക് സമരത്തിന് മറുപടിയുണ്ടോ ?

Thumb Image
SHARE

സെക്രട്ടേറിയറ്റ് കവാടം ഒരു നവസമരത്തിന് വേദിയായിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെയല്ല, മനുഷ്യരുടെ സമരം. രണ്ടരവര്‍ഷത്തോളമായി അധികമാരും ശ്രദ്ധിക്കാതെ, സെക്രട്ടേറിയറ്റ് നടപ്പാതയില്‍ വെയിലും മഴയുമേറ്റ് സമരം ചെയ്ത് കിടന്ന ശ്രീജിത് എന്ന യുവാവിനു പിന്നില്‍ അണിചേര്‍ന്നുകൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴി സംഘടിച്ചെത്തിയ ഒരുകൂട്ടം മനുഷ്യര്‍ നടത്തുന്ന സമരം. ഈ മുന്നേറ്റത്തിനു മുന്നില്‍ ഇളിഭ്യരായത് രാഷ്ട്രീയപാര്‍ട്ടികളാണ്. സെക്രട്ടേറിയറ്റ് കവാടം ജനനിബഡമായപ്പോള്‍ അവര്‍ക്ക് വിവരം തിരക്കി എത്തേണ്ടിവന്നു. പൊലീസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട അനുജന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 765 ദിവസമായി നരകിച്ച് സമരം ചെയ്ത ശ്രീജിത്തിന് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ലഭിച്ച പിന്തുണ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ സ്വാധീനശക്തി കൂടിയാണ് തെളിയിച്ചിരിക്കുന്നത്. രാഷ്ട്രീയം സമൂഹത്തില്‍ നിന്ന് അകലുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ രാഷ്ട്രീയം ഏറ്റെടുക്കുന്നുവെന്ന് ചുരുക്കം. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തെരുവില്‍ ചോദ്യംചെയ്യപ്പെടുകയാണോ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ആരാധകപ്പടയെ ഹരംകൊള്ളിക്കാനും എതിരാളികളെ അവഹേളിക്കാനും മാത്രമുള്ള പോസ്റ്റ് ഒട്ടിക്കല്‍ ചുമരല്ല ഫേസ്ബുക്ക്. അങ്ങനെ കാണുന്ന രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ചുട്ടമറുപടി കൂടിയാണ് ശ്രീജിത്തിനു ലഭിച്ച പിന്തുണ. നേതാവും പിരിവും കമ്മിറ്റികൂടലും വേണ്ടാത്ത സമരങ്ങള്‍ വളര്‍ന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാപൊളിക്കും, തീര്‍ച്ച. 

MORE IN 9MANI CHARCHA
SHOW MORE