ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി മുറവിളി

Thumb Image
SHARE

രാജ്യത്തിന്റെ ഉന്നതനീതിപീഠത്തില്‍ നിന്ന് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ഒരു മുറവിളി. സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്നു നടത്തിയ അപൂര്‍വ വാര്‍ത്താസമ്മേളനത്തെ അങ്ങനെ വിശേഷിപ്പിക്കാം. ആരാണ് സ്വതന്ത്ര നീതിനടത്തിപ്പിനെ തടയുന്നതെന്നും അതുവഴി രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കുന്നതെന്നും ഉള്ള ചോദ്യങ്ങളിലേക്കാണ് അത് നമ്മെ നയിക്കുക. ചീഫ് ജസ്റ്റിസ് എന്ന ഒറ്റവാക്കിലുള്ള മറുപടി മാത്രമാണോ അതിനുള്ളത്? സംശയിക്കണം. ഗുജറാത്തിലെ സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച്.ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരെ ഏല്‍പിച്ചതോടെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയ പുകച്ചിലാണ് സുപ്രിംകോടതിയില്‍ ദീര്‍ഘനാളായി നിലനിന്നത് എന്നു വ്യക്തമായിരിക്കുന്നു. ലോയയുടെ മരണത്തിലെ കേസില്‍ സ്വതന്ത്ര നീതിനടത്തിപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നത് ആരുടെ താല്‍പര്യമാണെന്ന ചോദ്യത്തിന്റെ ഉത്തരം കൂടി ചേര്‍ത്താല്‍ മാത്രം തെളിയുന്നതാണ് അതിനാല്‍ ആ സങ്കീര്‍ണചിത്രം. രാജ്യത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന കേസുകളില്‍ പോലും സ്വേച്ഛയോടെ പെരുമാറുന്ന സാഹചര്യമെന്ന് ജഡ്ജിമാര്‍ വെളിപ്പെടുത്തുക കൂടി ചെയ്യുമ്പോള്‍ പൂര്‍ത്തിയാവുന്നു ആ വൃത്തം

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- സുപ്രിംകോടതിയില്‍ കേസുകള്‍ ഏത് ബെഞ്ചിനു വിടണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നത് തന്നിഷ്ടപ്രകാരമാണെന്ന് നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ആരോപിക്കുമ്പോള്‍ അതിനെ കേവലം ജുഡീഷ്യറിയിലെ ഭരണനടപടിയിലെ പോരായ്മ മാത്രമായി കാണാന്‍ കഴിയില്ല. നീതി നടപ്പാക്കുന്നതിന് ഭംഗം വരുത്തുന്ന നടപടിയായിക്കൂടി കാണണം. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടി അത് സംഭവിക്കുമെന്ന് ഉറപ്പായപ്പോഴാണ് അസാധാരണമായ നീക്കത്തിലേക്ക് ജഡ്ജിമാര്‍ കടന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുവര്‍ണമുഹൂര്‍ത്തമായി കാണണം അതിനെ.

MORE IN 9MANI CHARCHA
SHOW MORE