ഇനിയെങ്കിലും പറയുമോ ശരിക്കണക്ക് ?

Thumb Image
SHARE

ഈ ക്രിസ്മസ് 9 മണി ചര്‍ച്ച പങ്കിടുന്നത് അത് ആഘോഷിക്കുന്നവരോടൊപ്പം അല്ലെന്ന് ഖേദപൂര്‍വം അറിയിക്കട്ടെ. ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയാതെ വിറങ്ങലിച്ചു കിടക്കുന്ന തീരപ്രദേശങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. അവരുടെ ജീവനോപാധിയായ മീനിനെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്ന സോഷ്യല്‍ മീഡിയ ഹിപ്പോക്രാറ്റുകളെ ഞങ്ങള്‍ അതിശക്തമായി അപലപിക്കുന്നു. ക്രിസ്മസിനു മുന്‍പ് എല്ലാവരെയും തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി പൂന്തുറക്കാര്‍ക്ക് കൊടുത്ത വാക്കെവിടെ·?· വലിയ ബോട്ടുകളില്‍ കടലില്‍ പോയവര്‍ ക്രിസ്മസിനു മുന്‍പ് തിരിച്ചെത്തുമെന്നും അതോടെ കാണാതായവരുടെ കണക്ക് മാറുമെന്നും പറഞ്ഞ ഫിഷറീസ് മന്ത്രിയെവിടെ?· കടല്‍ ശാന്തമായിട്ടും ആഴക്കടലില്‍ പോകാന്‍ കഴിയാതെ മല്‍സ്യത്തൊഴിലാളി ജനത മരവിപ്പിലാണ്. ചെറിയ വലവീശിക്കിട്ടുന്ന മീനിന്റെ വയറ്റില്‍ മൃതദേഹങ്ങളുടെ നഖവും മുടിയുമുണ്ടെന്ന് പറഞ്ഞുപരത്തുന്ന ദുഷിച്ച മനസ്സുകളെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിയുമോ നമുക്ക്? ചോദ്യങ്ങള്‍ മൃതദേഹങ്ങള്‍ പോലെ ഒഴുകി നടക്കുന്ന ക്രിസമസ് ദിനത്തില്‍ ഞങ്ങള്‍ ചോദിക്കുന്നു- സര്‍ക്കാരിന് തീരപ്രദേശത്തോട് ഇനിയെന്താണ് പറയാനുള്ളത്?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- ഇനിയെങ്കിലും സര്‍ക്കാര്‍ ഉറച്ചുപറയണം. എത്രപേരെയാണ് കണ്ടെത്താനുള്ളതെന്ന്. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ എല്ലാം മറന്ന് പുതുവല്‍സരത്തിലേക്ക് സ്വാഗതം ചെയ്യാന്‍ പുതുതായി സര്‍ക്കാരിന് എന്തുചെയ്യാനുണ്ടെന്ന് പറയണം. പറയൂ, ഓഖിയുടെ ഭീകരമായ ഓര്‍മയെ എങ്ങനെ കുഴിച്ചുമൂടും?

MORE IN 9MANI CHARCHA
SHOW MORE