ബി.ജെ.പിയെ തോൽപിക്കാൻ ഇതോ മാർഗം ?

Thumb Image
SHARE

ബി.ജെ.പിയെ തോല്‍പിക്കണം. സ്വന്തമായി അതിനുള്ള കരുത്തില്ല. എന്നുമാത്രമല്ല, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സാന്നിധ്യം നാമമാത്രം. എന്നാലും പക്ഷേ ബി.ജെ.പിയെ തോല്‍പിക്കേണ്ടത് രാഷ്ട്രീയദൗത്യമായിപ്പോയി. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണല്ലോ. ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കേണ്ടത് ചരിത്രപരമായിത്തന്നെ നിക്ഷിപ്തമായ ദൗത്യമാണ്. എന്തുചെയ്യും? 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അടുക്കുന്ന സി.പി.എമ്മിനു മുന്നിലെ രാഷ്ട്രീയ വെല്ലുവിളിയുടെ ചുരുക്കം ഇതാണ്. ബി.ജെ.പിക്ക് എതിരായ വിശാലമുന്നണിയില്‍ കോണ്‍ഗ്രസിനെ ചേര്‍ക്കാമോ ഇല്ലയോ എന്നതാണ് കീറാമുട്ടി. പാടില്ലെന്നാണ് വിശാഖപട്ടണം നല്‍കിയ നിര്‍ദേശം. ഹൈദരാബാദിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസ് അടക്കം എല്ലാ ജനാധിപത്യ ശക്തികളുടെയും സഖ്യം ഉണ്ടാക്കേണ്ടവിധം സാഹചര്യം മാറിയെന്ന ജനറല്‍ സെക്രട്ടറിയുടെ കണ്ടെത്തല്‍ പക്ഷേ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും ബോധ്യപ്പെടുന്നില്ല. പ്രത്യക്ഷ സഖ്യം ഒഴിവാക്കി പരോക്ഷ നീക്കുപോക്കുകള്‍ ആകാം എന്നതുമാത്രമാണ് അവര്‍ നല്‍കുന്ന ഇളവ്. അതായത് ബി.ജെ.പിയെ തോല്‍പിക്കാന്‍ പാര്‍ട്ടിക്ക് കഴിവില്ലാത്ത ഇടങ്ങളില്‍ അത് കഴിയുന്ന കോണ്‍ഗ്രസിനോട് നീക്കുപോക്ക് വേണമെന്ന കാര്യത്തില്‍ കാരാട്ടിനുമില്ല രണ്ടുപക്ഷം. പക്ഷേ സഖ്യം വേണ്ട. തുറന്നുപറഞ്ഞാല്‍ തെറ്റും ആരും അറിയാതിരുന്നാല്‍ ശരിയുമാകുന്ന ഒരു രാഷ്ട്രീയ ലൈന്‍ കൈക്കൊള്ളേണ്ടി വരുന്നുണ്ടെങ്കില്‍ സി.പി.എം ദേശീയതലത്തില്‍ വീണ്ടും വീണ്ടും അപ്രസക്തി ചോദിച്ചുവാങ്ങും എന്നകാര്യത്തില്‍ തര്‍ക്കംവേണ്ട.

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാന്‍ പാടില്ല എന്നതാണ് സി.പി.എമ്മിന്റെ പ്രാഥമിക രാഷ്ട്രീയ നിലപാടെങ്കില്‍ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തുക എന്നതില്‍പ്പരം മണ്ടത്തരം മറ്റൊന്നില്ല. സാധാരണ മനുഷ്യര്‍ക്ക് എളുപ്പം ബോധ്യപ്പെടുന്ന ഈ വസ്തുത പൊളിറ്റ് ബ്യൂറോയ്ക്ക് തലപുകഞ്ഞ് ആലോചിച്ചിട്ടും പിടികിട്ടുന്നില്ല എന്നത് കഷ്ടമാണ്. ബി.ജെ.പിയോട് വര്‍ഗീയതയുടെ പേരില്‍ പോരാടുന്നതോടൊപ്പം കോണ്‍ഗ്രസിനെ നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ പേരില്‍ എതിര്‍ക്കാനുള്ള ആര്‍ഭാടം കൂടി ഈ പാര്‍ട്ടിക്കു പറഞ്ഞിട്ടില്ല എന്ന് ആരെങ്കിലും കാരാട്ടിനു പറഞ്ഞുകൊടുക്കൂ, പ്ലീസ്.

MORE IN 9MANI CHARCHA
SHOW MORE