വീരന്റെ രാജി ധാർമികതകൊണ്ടോ ?

Thumb Image
SHARE

രാജി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന എം.എന്‍.വിജയന്റെ വിഖ്യാതമായ സൈദ്ധാന്തിക മൊഴി എം.പി.വീരേന്ദ്രകുമാറിനോളം വിരുദ്ധോക്തിയില്‍ യാഥാര്‍ഥ്യമാക്കാന്‍ മറ്റാര്‍ക്കുമാകില്ല. താന്‍ രാജ്യസഭാ എം.പി സ്ഥാനം ഇതാ രാജിവയ്ക്കുന്നു. ദേശീയതലത്തില്‍ ജെ.ഡി.യു ബി.ജെ.പിയെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ആയി മാറിക്കഴിഞ്ഞതിനാല്‍ ആ പാര്‍ട്ടിയുടെ പേരില്‍ കിട്ടിയ എം.പി സ്ഥാനം ഉപേക്ഷിച്ച് എന്റെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിന് ത്യാഗത്തിന്റെ തിലകം ചാര്‍ത്തുന്നു. ഇതാണ് ഉച്ചൈസ്തരമുള്ള പ്രഖ്യാപനം. യു.ഡി.എഫിന്റെ വോട്ടുകൊണ്ട് വിജയിച്ചുവന്ന എം.പി സ്ഥാനം രാജിവച്ചാല്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് ഇനി തിരഞ്ഞെടുപ്പ് നടന്നാല്‍ ആ സ്ഥാനം എല്‍.ഡി.എഫിനു പോകും എന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നില്ല. കാരണം, അദ്ദേഹം തമ്പ് മാറുകയാണല്ലോ. എല്‍.ഡി.എഫിലേക്ക്. അതിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍, നാക്കുപിഴ കൊണ്ടുപോലും താന്‍ ചേരിമാറുകയാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ ഇന്ന് നിരത്തി വീരേന്ദ്രകുമാര്‍.  മനോരമ ന്യൂസിന്റെ നിലപാട് പരിപാടിയില്‍ ജേക്കബ് തോമസിന് നല്‍കിയ അഭിമുഖത്തില്‍. അതായത്, എം.പി. സ്ഥാനം അദ്ദേഹം രാജിവയ്ക്കുകയല്ല, താന്‍ മാറുന്ന ചേരിയിലേക്ക് കൊണ്ടുപോവുകയാണ്. ചുട്ടെടുത്ത അപ്പം പോലെ അടുത്ത ആറുവര്‍ഷത്തേക്ക് ആ മുന്നണിയില്‍ തന്റെ സ്വന്തം ആള്‍ക്കോ കൂടെയുള്ള മറ്റാര്‍ക്കെങ്കിലുമോ കൈവശംവയ്ക്കാന്‍. ഇങ്ങനെ ചിന്തിക്കുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധം ഒന്നും പറയുന്നില്ല കഴിഞ്ഞ രണ്ടുദിവസമായി സോഷ്യലിസ്റ്റ് രാഷ്ട്രീയാചാര്യന്‍. അതുകൊണ്ടു തന്നെ ഉയരുന്ന ചോദ്യം ഇതാണ്- രാജി ധാര്‍മികതയില്‍ നിന്നോ?

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. എം.പി സ്ഥാനത്തിനു വേണ്ടി ആഗ്രഹിക്കുകയോ കടിപിടി കൂടുകയോ ചെയ്യുന്ന നേതാവല്ല എം.പി.വീരേന്ദ്രകുമാര്‍. പക്ഷേ ഉള്ള എം.പി സ്ഥാനം രാജിവയ്ക്കുന്നത് അത് അദ്ദേഹത്തിന് വേണ്ടാഞ്ഞിട്ടല്ല. രാഷ്ട്രീയം പയറ്റാനാണ്. കളംമാറി കളിക്കാനാണ്.

MORE IN 9MANI CHARCHA
SHOW MORE