എവിടെപ്പോയ് ഇരട്ടച്ചങ്കിന്റെ ചങ്കൂറ്റം ?

Thumb Image
SHARE

ഒരുകാര്യം ഉറപ്പിക്കാം. ഈ സര്‍ക്കാരിന് ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയില്ല. തക്കസമയത്ത് തീരുമാനമെടുക്കാന്‍ കഴിയുന്ന ഒറ്റത്തലവന്‍ തന്നെയില്ല. ഉണ്ടായിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് കേള്‍ക്കുമായിരുന്നില്ല ഇന്ന് കേട്ടത്രയും വമ്പന്‍ പഴി. താന്‍ കൂടി പങ്കാളിയായ സര്‍ക്കാരിനെതിരേ കേസുമായി കോടതിയിലെത്താന്‍ തോമസ് ചാണ്ടിക്ക് അവസരമൊരുക്കിയ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഈ പഴി പിണറായി ഇരന്നുവാങ്ങിയതാണ്. മന്ത്രിയുടെ നടപടി ഭരണഘടനാലംഘനവും കൂട്ടുത്തരവാദിത്ത ലംഘനവും ആണെന്ന് കോടതിയെക്കൊണ്ട് പറയിച്ച്, സര്‍ക്കാരിനെ നാണക്കേടിന്റെ കായലില്‍ തള്ളിയിടാന്‍ ചാണ്ടിക്ക് അവസരം നല്‍കിയ മുഖ്യമന്ത്രിയെന്ന നിലയില്‍, ഇന്നത്തെ പ്രതിതാരം പിണറായിയാണ്. എന്നിട്ടും, ചണ്ടിപണ്ടാരങ്ങളോട് അരുമകാട്ടി, എന്‍.സി.പിക്ക് അവരുടെ സംഘടനാ ബാധ്യതകള്‍ നിറവേറ്റാന്‍ അവസരം കൊടുത്ത്, ഇടതുസര്‍ക്കാരിന്റെ കാലിന്നടിയിലെ വിശ്വാസ്യതയുടെ മണ്ണ് ഒലിച്ചു പോകുന്നതറിയാതെ കാത്തിരിക്കുന്ന മുഖ്യമന്ത്രീ, താങ്കള്‍ക്കുണ്ട് താങ്കളുടെ തന്നെ ഭാഷയില്‍ ഒരു നല്ല നമസ്കാരം!

തോമസ് ചാണ്ടി എപിസോഡിലെ പിണറായി വിജയന്റെ ഉത്തരവാദിത്തം ചര്‍ച്ചചെയ്യുന്ന ഈ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. കായല്‍ കൈയേറിയത് തോമസ് ചാണ്ടിയാണ്. പക്ഷേ കൈയേറിയവനെ സംരക്ഷിക്കുന്നത് പിണറായിയാണ്. ഒരു രാജികൊണ്ടും രാജിയാവില്ല ഈ അപമാനം. 

MORE IN 9MANI CHARCHA
SHOW MORE