ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തനിക്ക് പറയാനുള്ളതെല്ലാം പറയുകയാണ്. കുറേക്കാലമായി പറയാന്‍ തരിച്ചിരുന്ന കാര്യങ്ങള്‍. വേദി കിട്ടാത്തതിനാല്‍ പാര്‍ട്ടിയില്‍ പറയാന്‍ കഴിയാതെപോയ കാര്യങ്ങള്‍. മൂന്നു വയസ്സ് പിന്നിട്ട നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണവീഴ്ചയെക്കുറിച്ചാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. തന്നെപ്പോലെ കുറേയാളുകള്‍ പലതും പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭയംമൂലം മിണ്ടാതിരിക്കുകയാണ്. യശ്വന്ത് സിന്‍ഹ ആരംഭം കുറിച്ചിരിക്കുന്നത് ബി.ജെ.പിയില്‍ ആഭ്യന്തര ജനാധിപത്യം കൊണ്ടുവരാനുള്ള ദൗത്യത്തിനായിരിക്കാം. പക്ഷേ അദ്ദേഹം പറഞ്ഞുവച്ചത് രാജ്യംനേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. സമീപകാലത്തൊന്നും ഭരണത്തിനെതിരേ ഇത്രയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടില്ല. ഒരുപക്ഷേ പ്രതിപക്ഷത്തുനിന്നുപോലും.
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. രാജ്യഭരണത്തിന്റെ ഗതിയാണ് യശ്വന്ത് സിന്‍ഹ പറഞ്ഞത്. പാര്‍ട്ടിയില്‍ പറയാന്‍ അവസരം കിട്ടാത്തതുകൊണ്ടു പുറത്തുപറഞ്ഞു. മോദി സര്‍ക്കാരിനെക്കുറിച്ച് ബി.ജെ.പിയുടെ മുതിര്‍ന്നൊരു നേതാവിന് പറയാനുള്ളത് ഇതാണെങ്കില്‍ നമുക്കുറപ്പിക്കാം, ആശങ്കപ്പെടാന്‍ ഏറെയുണ്ട്.