ഹാദിയ. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാംമതം സ്വീകരിച്ച പെണ്‍കുട്ടി. വിവാഹം ഹൈക്കോടതി റദ്ദാക്കി കുടുംബത്തിന്റെ സംരക്ഷണയില്‍ വിട്ടു. ആതിര. സ്വന്തം നിലയ്ക്ക് ഇസ്ലാംമതം സ്വീകരിച്ച് കൗണ്‍സലിങ് സെന്ററിലെ താമസത്തിനുശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നു. ശ്വേത. സ്വന്തം ഇഷ്ടപ്രകാരം അന്യമതസ്ഥനായ െചറുപ്പക്കാരനെ വിവാഹം ചെയ്തപ്പോള്‍ മാതാപിതാക്കള്‍ കൗണ്‍സലിങ് കേന്ദ്രത്തിലയച്ചു. അവിടെയുണ്ടായ പീഡനത്തിനെതിരേ ഹൈക്കോടതിയില്‍ പരാതി നല്കി. ഈ മൂന്നു പെണ്‍കുട്ടികളും ഇന്ന് കേരളത്തിന് പരിചിതരാണ്. സാമൂഹിക മാധ്യമങ്ങളില്‍ മതങ്ങളുടെ അവകാശത്തര്‍ക്കങ്ങള്‍ക്ക് കാരണക്കാരാണിവര്‍ ഇന്ന്. ഹിന്ദു-മുസ്ലിം സംഘടനകള്‍ ഇവരെ സ്വന്തം പ്രചാരണത്തിന്റെ കരുക്കളാക്കുന്നു. ഇവരിലൂടെ കേരളം ഒരു ചോദ്യം ഉന്നയിക്കുന്നു- മതത്തിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ഇഷ്ടങ്ങള്‍ക്കു വിലങ്ങുവയ്ക്കാന്‍ ആര്‍ക്കെന്ത് അവകാശം·?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. ഹാദിയയും ആതിരയും ശ്വേതയും ആദ്യം വ്യക്തികളും പിന്നെ പെണ്‍കുട്ടികളുമാണ്. അതിനുശേഷമേ അവര്‍ ഏതുമതത്തില്‍ വിശ്വസിക്കുന്നു എന്നത് പ്രസക്തമാകുന്നുള്ളൂ. നിയമത്തിന്റെ വഴിയിലും ജീവിതത്തിന്റെ വഴിയിലും അവരെ സ്വതന്ത്രരായി വിടുക. മതത്തിന്റെ കോട്ടകളില്‍ കെട്ടിയിടാതിരിക്കുക.