തോമസ് ചാണ്ടി എന്ന കുട്ടനാട് എംഎല്‍എ പിണറായി മന്ത്രിസഭയില്‍ എത്രനാള്‍കൂടി എന്നതില്‍ അതിപ്രധാനമായ മണിക്കൂറുകളാണ് ഇനി. കായല്‍ കയ്യേറ്റവും വയല്‍ നികത്തലും അനധികൃത നിര്‍മാണവും ഭൂമി കയ്യേറ്റവുമെല്ലാമാണ് സംസ്ഥാന ഗതാഗതമന്ത്രിക്കെതിരെ ആക്ഷേപങ്ങളായി. ഇതില്‍ പ്രധാനപ്പെട്ട ആക്ഷേപത്തിലാണ് ആലപ്പുഴ കലക്ടര്‍ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനിരിക്കുന്നത്. പക്ഷെ പ്രാഥമിക റിപ്പോര്‍ട്ടില്‍ത്തന്നെ മന്ത്രിക്കെതിരെ ബലമുള്ള സംശയങ്ങളുണ്ട്. അങ്ങനെയുള്ള ആള് എങ്ങനെയാണ് അന്വേഷണഘട്ടത്തില്‍ അധികാരത്തിലിരിക്കുന്നത്?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്. കായല്‍ കയ്യേറിയെന്ന ഇടക്കാല റിപ്പോര്‍ട്ട് പോരാ തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് എന്നതാണ് സര്‍ക്കാര്‍ നിലപാട് എങ്കില്‍ അതിനര്‍ഥം ഈ സര്‍ക്കാര്‍ തോമസ് ചാണ്ടിക്കൊപ്പമാണ് എന്നാണ്, അദ്ദേഹത്തെ സംരക്ഷിക്കുകതന്നെ ചെയ്യും എന്നാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളെ അവഗണിച്ച് മൗനം തുടരുന്ന മുഖ്യമന്ത്രി പറയുന്നതും മറ്റൊന്നല്ല. സംശയങ്ങള്‍ തീരുംവരെ, അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടുംവരെ മാറിനില്ക്കുകതന്നെവേണം തോമസ് ചാണ്ടി.