20 വര്‍ഷമായി അടഞ്ഞുകിടക്കുന്ന കൊല്ലം കുണ്ടറ അലിന്‍ഡ് ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സൊമാനി ഗ്രൂപ്പ് എന്ന ഉത്തരേന്ത്യന്‍ - ദക്ഷിണേന്ത്യന്‍ സംരംഭകര്‍ക്ക് അനുമതി നല്‍കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചത് വ്യവസായ കേരളത്തിന്റെ ഉണര്‍വ് എന്നാണ്. കഴിഞ്ഞ മൂന്നുദിവസമായി മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന ടോപ് റിപ്പോര്‍ട്ടര്‍ അന്വേഷണ പരമ്പര ഈ വ്യവസായ കുതിച്ചുചാട്ടത്തിന്റെ ദയനീയ ചിത്രം പുറത്തുകൊണ്ടുവന്നു. ഭൂമിവിറ്റ് പണംതട്ടലാണ് ലക്ഷ്യമെന്ന് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് നല്കിയ ഗ്രൂപ്പിനെയാണ് സര്‍ക്കാര്‍ ആദരിച്ച് ക്ഷണിച്ച് ഭൂമി കൈമാറിയിരിക്കുന്നത് എന്നതുമാത്രം മതി ഗുരുതരാവസ്ഥ തിരിച്ചറിയാന്‍. ആരുടെ താല്പര്യമാണ് മുന്നും പിന്നും നോക്കാതെ ഒരു കൊള്ളസംഘത്തെ ആനയിച്ചിരുത്തുന്നതിലേക്ക് നയിച്ചത്?
കുണ്ടറ അലിന്‍ഡില്‍ ചിങ്ങം ഒന്നിന് ഉല്പാദനം പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ്. ഒരുമാസം പിന്നിട്ടിട്ടും ആ കണ്ടംവെച്ച ഫാക്ടറിയില്‍ ഒരിലപോലും അനങ്ങിയിട്ടില്ല. തീരുമാനം പാളിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയനാണ്.