മുസ്ലിംലീഗില്‍ ഒറ്റവാക്കേയുള്ളൂ. അത് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് തങ്ങളുടേതാണ്. തങ്ങളുെട തീരുമാനം മറികടക്കാന്‍ ആര്‍ക്കും സാധ്യമല്ല. ആത്മീയ നേതാവായ പാണക്കാട് തങ്ങളുടെ തീരുമാനത്തിന് രാഷ്ട്രീയപിന്‍ബലം നല്‍കുന്നത് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും. ഇതാണ് നമുക്കെല്ലാം ആ പാര്‍ട്ടിതന്ന അറിവ്. കുഞ്ഞാലിക്കുട്ടി തന്നെ രാജിവച്ച വേങ്ങരയിലെ ഒഴിവിലേക്ക് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ ഈ സമവാക്യം അതേപടി ആവര്‍ത്തിക്കുമെന്ന് കരുതിയിടത്തു നിന്ന് അവസാന നിമിഷം തെറ്റി. യു.എ.ലത്തീഫിനെ പ്രഖ്യാപിക്കാന്‍ നിശ്ചയിച്ചിരിക്കെ, ഒരു ഉന്നതതലയോഗം കഴിഞ്ഞപ്പോള്‍, സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദറായി മാറി. ഇതിനിടയില്‍ സംഭവിച്ചത് ഖാദര്‍ പ്രതിഷേധവുമായി തങ്ങളെ കണ്ടു എന്നതാണ്. അതായത് വേങ്ങരയെന്ന സ്വന്തം മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ തന്നെ കുഞ്ഞാലിക്കുട്ടി - തങ്ങള്‍ അച്ചുതണ്ടിനുമേല്‍ സമ്മര്‍ദം വിജയം കണ്ടു. ലീഗില്‍ പുതിയ അധ്യായം.
മുസ്ലിംലീഗില്‍ എല്ലാം പഴയപോലല്ല. പാണക്കാട് തങ്ങള്‍ക്കുമേല്‍ തങ്ങളുടെ നിലപാടിന് സ്വാധീനമുണ്ടെന്ന് ചിലര്‍ തെളിയിക്കുന്നു. ഇത് നല്ലതിനാവുമോ ചീത്തയ്ക്കാവുമോ എന്നറിയാന്‍ അല്പംകൂടി കാത്തിരിക്കേണ്ടിവരും. കുറഞ്ഞപക്ഷം വേങ്ങര ഫലം പ്രഖ്യാപിക്കുന്ന ഒക്ടോബര്‍ 15 വരെയെങ്കിലും.