നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ അനുകൂലിച്ച് വാദങ്ങള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. പക്ഷേ ദിലീപിനെ അനുകൂലിക്കുന്ന വാദമുയര്‍ത്തുന്ന ഒരാള്‍ നടിയെ ആക്ഷേപിക്കുന്ന വാദത്തിലേക്കു നീങ്ങുന്നത് അത്ര സ്വാഭാവികമല്ല. ആ ക്രിമിനല്‍ കുറ്റത്തിന് കേസ് നേരിടുന്ന പി.സി.ജോര്‍ജ് എം.എല്‍.എ ഇന്ന് പറഞ്ഞിരിക്കുന്നു തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന്. നടിയെ ആക്ഷേപിക്കുന്നതോടൊപ്പം നടന്ന ആക്രമണത്തിന്റെ വലിപ്പം ലഘൂകരിക്കുക കൂടി ചെയ്യുന്നു പി.സി.ജോര്‍ജ്. അതായത് പള്‍സര്‍ സുനി അത്ര കൊടിയ ആക്രമണം നടത്തിയിട്ടില്ല. ഇരയായ നടി ഇതിനോട് പ്രതികരിച്ചത് വ്യക്തമായ വാക്കുകളിലാണ്. അവര്‍ പറഞ്ഞു- ഇത് തനിക്കുമേലുള്ള മറ്റൊരു ആക്രമണമാണ്.
പി.സി.ജോര്‍ജ് നടിയെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഇരയോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന ജനപ്രതിനിധി വേട്ടക്കാരനോട് ഒപ്പമാണെന്ന സംശയം അത് ഉയര്‍ത്തുന്നു. ബാക്കി പൂഞ്ഞാറിലെ വനിതാ വോട്ടര്‍മാര്‍ക്ക് വിടുന്നു.