കേരളത്തില്‍ കുറഞ്ഞത് നാലു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നു. ഒരു കോളജിനുവേണ്ടി പരസ്യം വന്നുകഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് കോളജുകള്‍ വില്‍ക്കുന്നതെന്ന് മാനേജ്മെന്റുകളുടെ പക്ഷം. പക്ഷേ, ആരോഗ്യവിദ്യാഭ്യാസ രംഗത്ത് പുഴുക്കുത്തുവീഴ്ത്താന് വേണ്ടി പിറവികൊണ്ട സ്വാശ്രയകോളജുകള്‍ ഇതുവരെ നടത്താന്‍ കഴിഞ്ഞതും ഇനിമുതല്‍ നടത്താന്‍ കഴിയാതിരിക്കുന്നതും യാദൃശ്ചികമല്ല. കോളജുകള്‍ വിദ്യാര്‍ഥികളെ പിഴിഞ്ഞാണ് ഇതുവരെ നടത്തിക്കൊണ്ടിരുന്നത് എന്നും ഇപ്പോള്‍ അതിന് സാധിക്കുന്നില്ല എന്നതുമാണ് വാസ്തവം. കോളജുകള്‍ വില്ക്കാന് വയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പേറേണ്ടത് സര്‍ക്കാരുകളും മാനേജ്മെന്റുകളും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ നിയന്ത്രണസമിതികളും എല്ലാം ചേര്‍ന്നാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വില്പനയ്ക്ക് വയ്ക്കുന്ന ചിത്രം കേരളത്തിന് അപമാനമാണ്. ആരോഗ്യവിദ്യാഭ്യാസ രംഗത്തെ അനാരോഗ്യത്തിന്റെ പച്ചയായ വെളിപ്പെടലാണ്. ഒരു തലമുറയ്ക്ക് നമ്മുടെ ഭരണാധികാരികള്‍ നല്കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനം.