ഈ കേസിലെ ചോദ്യം നിങ്ങള്‍ ദിലീപിന് അനുകൂലമാണോ എതിരാണോ എന്നതല്ല. നിങ്ങള്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണോ അല്ലയോ എന്നതാണ്. നടിയോടൊപ്പം ആണ് എന്നാണ് ആയിരംതവണ മറുപടി. പ്രതിയുടെ അവകാശങ്ങള്‍ക്കു വേണ്ടി നില്‍ക്കുമ്പോഴും ഇരയോടൊപ്പം തന്നെ വീണ്ടും വീണ്ടും.
ഒരു സിനിമ 50-ാം ദിവസം പിന്നിടുമ്പോള്‍ അതിന്റെ പിന്നണിക്കാര്‍ ആഘോഷിക്കാറുണ്ട്. നടന് ജയിലില്‍ 50 ദിവസം പിന്നിടുമ്പോള്‍ ഒരു ജാമ്യത്തിലൂടെ ആഘോഷിക്കാനിരുന്നവര്ക്ക് പക്ഷേ നിരാശ. പ്രോസിക്യൂഷനെ ആലിംഗനം ചെയ്ത ഹൈക്കോടതി പ്രതിഭാഗം വാദങ്ങള്‍ കുപ്പയിലെറിഞ്ഞു. സിനിമാ ലോകത്തെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന സിദ്ധാന്തത്തിന്റെ കാറ്റഴിഞ്ഞുപോയി. അസന്ദിഗ്ധമായി കോടതി പറഞ്ഞു, കഴിഞ്ഞ മാസം 24നുശേഷം സാഹചര്യം മാറിയിട്ടില്ല, ഈ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ല. ജാമ്യവിധിയില്‍ നിന്ന് പൊതുസമൂഹത്തിന് കിട്ടുന്ന അറിവാണ് അത്. ദിലീപ് ഇപ്പോഴും ജാമ്യത്തിന് അര്‍ഹനല്ലാത്ത പ്രതി.