E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 25 2020 05:44 PM IST

Facebook
Twitter
Google Plus
Youtube

More in Parayathe Vayya

അവസാനിക്കുന്നില്ല അതിക്രമങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായി. എല്ലാ സത്യവും പുറത്തുവരുമോയെന്ന് ഇപ്പോഴും ഉറപ്പായില്ല.. അങ്ങനെ പുറത്തു വരാന്‍ ഇനിയും ഒളിഞ്ഞിരിക്കുന്ന സത്യങ്ങളുണ്ടോയെന്നതിനും ഉറപ്പേതുമില്ല. പക്ഷേ പൊതുനിരത്തില്‍ പ്രമുഖയായ നടി ആക്രമിക്കപ്പെട്ടതിന്റെ ആഘാതത്തിന് ഇരയാക്കപ്പെട്ടയാള്ക്കും സമൂഹത്തിനും അര്‍ഹിക്കുന്ന ഒരു നീതിയുണ്ട്. അത് ഈ കേസ് ശരിയാം വിധം, മാതൃകയാം വിധം കൈകാര്യം ചെയ്യപ്പെടുന്നുവെന്നതു തന്നെയാണ്. എന്നാല്‍ അതില്‍ ഒടുങ്ങുന്നതുമല്ല.

നടിയെ നടുറോഡില്‍ ആക്രമിച്ച കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നതുപ്രകാരമാണെങ്കില്‍ മുഖ്യപ്രതി സുനി പിടിയിലായതോടെ ചോദ്യങ്ങള്‍ നിര‍്‍ത്തണം, ഒരു ക്രിമിനല്‍ കേസില്‍ വന്‍തോതിലുള്ള ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നത് സ്വാഭാവികമാണോ? അതും മുഖ്യപ്രതി പിടിയിലായി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ്. പൊലീസ് ചോദ്യം ചെയ്യല്‍ പോലും പൂര്‍ത്തിയാക്കുന്നതിനു മുന്‍പ്? വിശദീകരണങ്ങള്‍ ആവശ്യമില്ലെന്ന പൊതുനിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി തന്നെ നേരിട്ട് വിശദീകരണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ സ്വാഭാവികം മാത്രമാണ്.

പൊലീസോ സര്‍ക്കാരോ ഇതുവരെ കേസില്‍ സ്വീകരിച്ച നിലപാടുകള്‍ പ്രതിപക്ഷത്തിനൊഴികെ വലിയ സംശയങ്ങള്‍ക്ക് ഇട നല്‍കിയിട്ടില്ലെന്നതിനാല്‍, അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കാനുള്ള വിവേകമാണ് സര്‍ക്കാര്‍ സമൂഹത്തിനോടാവശ്യപ്പെടേണ്ടിയിരുന്നത്.

ആ വിവേകം മുഖ്യമന്ത്രിക്കില്ലാതെ പോയതെന്തുകൊണ്ടാണ്? അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാതെ പോയ തിടുക്കം അനൗചിത്യം മാത്രമല്ല, ന്യായീകരണമില്ലാത്തതുമാണ്. മുഖ്യമന്ത്രി ഉത്തരം പറഞ്ഞു കഴിഞ്ഞ ചോദ്യത്തിന് ഇനി പൊലീസെങ്ങനെയാണ് മറിച്ചൊരുത്തരം തേടുക? ഈ കുറ്റകൃത്യത്തിനു പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടോ, ഗൂഢാലോചന ചെറുതാണോ, അതോ പിടിക്കപ്പെട്ട പ്രതികള്‍ മാത്രം ഉള്‍പ്പെട്ട ആസൂത്രണമാണോ എന്നത് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. പൊലീസ് കാര്യമായ വിമര്‍ശനങ്ങള്‍ക്കിട നല്‍കാതെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഒഴിവാക്കേണ്ടതായിരുന്നുവെന്നതില്‍ സംശയമില്ല.

ഇരയായ വ്യക്തിക്കും പൊതുസമൂഹത്തിനും ബോധ്യമാകുന്ന നിലയില്‍ കുററകൃത്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുത്തരം വിശദീകരിക്കാന്‍ പൊലീസിന് കഴിയണം. കുറ്റവാളികള്‍ ആരു തന്നെയായാലും നിയമത്തിനു മുന്നിലെത്തണം. മാതൃകാപരമായി ശിക്ഷിക്കപ്പെടണം. സ്ത്രീകളെ അപമാനിക്കാന്‍ തുനിയുന്നവര്‍ക്ക് ശക്തമായ താക്കീതായി ഇത് മാറണം. അതുറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണം.. പൊലീസ് മുഖ്യപ്രതിയെ കോടതിയില്‍ അറസ്റ്റു ചെയ്തതിലും രണ്ടഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ അവസരമൊരുക്കിയെന്ന പഴിയേക്കാള്‍ വലുതല്ല, കോടതിയില്‍ അറസ്റ്റ് ചെയ്തുവെന്ന അസാധാരണത്വമെന്ന് കേരളാപൊലീസിന് ന്യായീകരിക്കുക തന്നെ ചെയ്യാം. മാത്രമല്ല, അന്വേഷണത്തിനിടെയുണ്ടാകുന്ന നാടകീയതകളേ‍ക്കാള്‍ പ്രധാനം അന്തിമചോദ്യങ്ങള്‍ക്കുത്തരം തന്നെയാണ്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെടേണ്ട സാഹചര്യം ഇനിയുമുണ്ടായിട്ടില്ല. ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ ഹാജരാക്കണം. പൊതുബോധത്തിന്റെ മനസില്‍ ഉരുത്തിരിഞ്ഞ വില്ലന്‍മുഖങ്ങള്‍ക്ക് സാധൂകരണം നല്‍കുകയല്ല പൊലീസിന്‍റെ ജോലി. ചത്തത് കീചകനെങ്കില്‍ എന്ന.. യുക്തിയുമായെത്തിവര്‍ക്ക് കൈയടിക്കുന്നതിനേക്കാള്‍ വലിയ അശ്ലീലമില്ലെന്ന് സമൂഹവും തിരിച്ചറിയുക തന്നെ വേണം. അസാധാരണമാംവിധം ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ പ്രചരിക്കപ്പെട്ട കേസില്‍, നടന്‍ ദിലീപ് പൊലീസിന് നല്‍കിയ അപകീര്‍ത്തി പരാതിയും പൊലീസ് ഗൗരവമായി കൈകാര്യം ചെയ്യണം.

അസാധാരണമായ കുറ്റകൃത്യമാണ് നടന്നത്. സ്ത്രീത്വത്തിന് നേരെ മാത്രമല്ല, മനുഷ്യത്വത്തിനെതിരെ നടന്ന അക്രമം. ആ അര്‍ഥത്തില്‍ തന്നെ നിയമം അത് കൈകാര്യം ചെയ്യപ്പെടുന്നുവെന്നുറപ്പാക്കുകയാണ് ഇനി സമൂഹത്തിന്റെ ബാധ്യത. എന്നാല്‍ അതിനപ്പുറവും ചില ചോദ്യോത്തരങ്ങളിലേക്ക് ഈ ചര്‍ച്ചകള്‍ നീണ്ടുവെന്നത് സ്വാഗതാര്‍ഹമാണ്. സിനിമാമേഖലയിലെ തെറ്റായ പ്രവണതകള്‍ ഏറ്റുപറയാനും തിരുത്താനും അപൂര്‍വം ചില ചലച്ചിത്രപ്രവര്‍ത്തകര്‍ തന്നെ തയാറായി. സ്ത്രീവിരുദ്ധതയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തിയവര്‍, ഗദ്ഗദം കൊണ്ടവര്‍ തന്നെ തിരിച്ചറിയേണ്ട ചിലത് അവര്‍ ഓര്‍മിപ്പിക്കുകയും ചൂണ്ടുവിരലുയര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇനിമേല്‍ തന്റെ കഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധരാകില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനും സിനിമകളിലെ സ്ത്രീവിരുദ്ധത ഒഴിവാക്കി പ്രായശ്ചിത്തമാകാമെന്ന് ആഹ്വാനം ചെയ്ത ആഷിഖ് അബുവിനും അഭിവാദ്യങ്ങള്‍

പ്രതിഷേധ യോഗം നടത്തി പിരിഞ്ഞുപോകാന്‍ തുടങ്ങിയതാണ് മലയാളസിനിമാലോകം. ഞെട്ടലും ഗദ്‍ഗദങ്ങളും ആവോളം കേട്ടു. പ്രശ്നത്തിന്റെ കാതല്‍ വിട്ടുപോകാതെ ചൂണ്ടുവിരലുയര്‍ത്തിയവര്‍ അപൂര്‍വം സിനിമയില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണമെന്ന ആരോപണമുയര്‍ത്തി രംഗത്തെത്തിയ മുന്‍സിനിമാമന്ത്രി കെ.ബി.ഗണേഷ്കുമാറും സാധൂകരിക്കുന്ന ചിലതുണ്ട്. ന്യൂ ജനറേഷനാണ് ഇന്ന് സിനിമയുടെ പ്രശ്നമെന്ന് സാഹചര്യം മുതലെടുക്കാനെത്തിയവര്‍ക്ക് അര്‍ഹിക്കുന്ന ചില മറുപടികളുമുണ്ടായി.

സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതയടക്കം സിനിമാമേഖല സ്വയം കല്‍പിച്ചെടുത്തിരിക്കുന്ന ചില അപ്രഖ്യാപിത അവകാശങ്ങളുണ്ട്. നിയമത്തിനു മുന്നില്‍ വിശുദ്ധപശുക്കളില്ല. ഉണ്ടാവുകയുമരുത്. നിയമം നടപ്പാക്കാന്‍ ഇച്ഛാശക്തിയുണ്ടെന്നാണ് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത്. എന്നാല്‍ സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ചാണ്, അതിനുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചാണ് സിനിമാലോകം പറഞ്ഞതിലേറെയും. ഇനി മേലില്‍ സിനിമാനടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന ഫത്‍വ പുറപ്പെടുവിച്ച് പ്രശ്നപരിഹാരം കണ്ടെത്തി പിരി‍ഞ്ഞുപോകാനിരുന്നവരോട് മറവിരോഗമില്ലാത്തവരെല്ലാം ചോദിച്ചുപോകും, മലയാളിയുടെ സ്ത്രീവിരുദ്ധതയില്‍ഏറ്റവും വലിയ സംഭാവന എവിടെ നിന്നായിരുന്നു? ഓരോ സിനിമയിലെയും പഞ്ച് ഡയലോഗുകളിലൂടെ സമൂഹത്തിന്‍റെ മനസില്‍ പതിയുന്ന സ്ത്രീവിരുദ്ധത വാരിവിതറിയത് ആരെ കൈയടിപ്പിക്കാനാണ്?

സിനിമയല്ലേ, എല്ലാ രാഷ്ട്രീയശരികള്‍ക്കും ബാധ്യതയുണ്ടോ എന്ന മറുചോദ്യത്തിനുമുണ്ട് മറുപടി. അടയാളങ്ങള്‍ രൂപപ്പെടുന്നത്, സംസ്കാരം രൂപപ്പെടുന്നത്, സ്വാധീനങ്ങളിലൂടെയാണ്. സമൂഹത്തിന്റെ കാഴ്ചകളില്‍ കൂടിയുമാണ്. ഈ സംഭവം സ്ത്രീയെ കാണുന്നതില്‍ നിങ്ങളുടെ കണ്ണു തുറപ്പിച്ചുവെങ്കില്‍ അതില്‍ സ്വയം രേഖപ്പെടുത്തിവച്ച അടയാളങ്ങള്‍ കൂടി മറക്കാതിരിക്കുക. പുരുഷാധിപത്യത്തിന്റെ തീര്പ്പുകള്ക്കു ചുറ്റും കറങ്ങുന്ന വെറും ശരീരങ്ങളായി സ്ത്രീത്വത്തെ അടിച്ചുറപ്പിച്ചതിന്റെ പഴി മറ്റാരാണ് ഏറ്റെടുക്കേണ്ടത്. ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടാല് മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന് മലയാളികള്ക്കു മുന്നില് ആവര്ത്തിച്ചുറപ്പിച്ചതിന്റെ ഉത്തരവാദിത്തം ആര്ക്കാണ്. ശരീരം എന്നാല് അതിപാവനമായി മാത്രം സൂക്ഷിക്കേണ്ട ഒന്നാണെന്നും ഏതെങ്കിലുമൊരു മനോരോഗിയുടെ കൈ നീണ്ടുവന്നൊന്നു തൊട്ടാല് അവസാനിച്ചിരിക്കുന്നു നിന്റെ ജീവിതമെന്നും വിധിയെഴുതിയ അസംഖ്യം മലയാളസിനിമകളുണ്ടാക്കിയ പൊതുബോധത്തിലാണ് മലയാളി ഇന്നും ജീവിക്കുന്നതെന്ന് നിങ്ങളാണ് ഓര്ക്കേണ്ടത്. . പെണ്ണിന്റെ ശരീരത്തെ ആക്രമിക്കുന്നതു മാത്രമല്ല സ്ത്രീവിരുദ്ധതയെന്ന് വിങ്ങിപ്പൊട്ടിയ സംവിധായകരും സിനിമാസ്രഷ്ടാക്കളും മനസിലാക്കുന്നില്ലെന്നതാണ് ഖേദകരം. ശരീരം ആക്രമിക്കപ്പെടുമ്പോള്‍ മാത്രമല്ല വേദനിക്കേണ്ടതെന്ന് ഏറ്റവും ജനകീയമാധ്യമമായ സിനിമാമേഖലയാകെ തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും വേണം. കാരണം ഒരു സമൂഹത്തില്‍, പല തലമുറകളില് സിനിമയെന്ന മാധ്യമത്തിന്റെ സ്വാധീനം അത്രമേല്‍ വലുതാണ്.

ഒടുവില്‍ ഒന്നുകൂടി, ശരീരം ആക്രമിക്കപ്പെട്ടാല് അവസാനിക്കുന്ന ഒന്നാണ് ജീവിതമെന്ന് സ്ത്രീയോട് പറഞ്ഞുകൊണ്ടേയിരുന്ന നിങ്ങളൊരുക്കിവച്ച അസംഖ്യം ചിത്രങ്ങള്ക്കിടയില് നിന്ന് ചങ്കൂറ്റത്തോടെ ഉയിര്ത്തെഴുന്നേറ്റു വരുന്ന സഹപ്രവര്ത്തകയ്ക്കു മുന്നില് തലകുനിക്കുക. അവസാനിച്ചവള്‍ എന്നു നിങ്ങള്‍ വിധിയെഴുതിക്കൊണ്ടേയിരുന്ന പെണ്ണുടലിനെ വെല്ലുവിളിച്ച് അവള്‍ വരുമ്പോള്‍ തോല്ക്കുന്നത് നിങ്ങള് കൂടിയാണെന്നോര്ക്കുക. ആണ്കോയ്മയുടെയും അധാര്മികതയുടെയും വിലക്കുകള്ക്കിരയായി അവള്ക്ക് അവസരങ്ങള് നിഷേധിച്ചതിലും പശ്ചാത്താപമാകാം. മുതലക്കണ്ണീരൊഴുക്കല്‍ മതിയാക്കാം.

എല്ലാ പഴിയും സിനിമയ്ക്ക് എന്നല്ല, എല്ലാ മാധ്യമങ്ങളും കണ്ണു തുറക്കുക തന്നെ വേണം., വാര്‍ത്താമാധ്യമങ്ങളടക്കം. സ്വയം തിരുത്തണം, സ്ത്രീവിരുദ്ധതയില്‍ പൂണ്ടുപോയ സമൂഹത്തിലെ നല്ലൊരു വിഭാഗത്തിനെയും ഒപ്പം തിരുത്തിക്കൊടുക്കണം. ശരീരത്തിനു നേരെയുള്ള ഏതൊരാക്രമണവും ആക്രമണമായിത്തന്നെ കാണണം, ആ രീതിയില്‍ കൈകാര്യം ചെയ്യണം. ലൈംഗികാതിക്രമമെന്നാല്‍ അപമാനമല്ലെന്നും ജീവിതം അവിടെ തീരുന്നതല്ലെന്നുമുള്ള പൊതുബോധത്തിലേക്ക് നടക്കാന്‍ ഈ ചര്‍ച്ചകള്‍ ഉപകരിക്കട്ടെ. ആക്രമിച്ചു കീഴ്പ്പെടുത്തിവരായാലും ഒളിക്യാമറയില്‍ കുടുക്കിയവരായാലും, സ്നേഹത്തിന്റെ പേരില്‍ വഞ്ചിച്ച് വിലപേശുന്നവരായാലും അര്‍ഹിക്കുന്ന ശരിയായ മറുപടി ശരീരമല്ല എന്റെ വ്യക്തിത്വമെന്ന തിരിച്ചടി തന്നെയാണ്. ശരീരത്തെ പേടിച്ചു ജീവിക്കില്ലെന്ന് സ്ത്രീ നിവര്‍ന്നു നിന്ന് തീരുമാനമെടുക്കുന്ന അന്നു തീരുന്ന ഒരു മനോവൈകല്യം സമൂഹത്തിനുമുണ്ടെന്നു പറയാതെ വയ്യ.

ശരീരം പുറത്തൊരാള് കണ്ടാല് തീര്ന്നു പോകുന്ന ഒന്നല്ല ജീവിതമെന്ന് ഈ സംഭവം സ്ത്രീകളെയും പഠിപ്പിക്കണം. കാലം പുതിയതാണ്, ലോകം പുതിയതാണ്. ശരീരം ചൂഷണത്തിനുള്ള ഉപകരണമായി കാണുന്ന സാമൂഹ്യവിരുദ്ധര്ക്കുള്ള ശരിയായ മറുപടി ശരീരത്തോടുള്ള അതിരു കടന്ന ആരാധന സ്വയം അവസാനിപ്പിക്കുകയെന്നതു തന്നെയാണ്. ശരീരത്തില്‍ കുരുക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവീക്ഷണത്തെ വെല്ലുവിളിക്കുക തന്നെയാണ്. അതിനു തയാറായി മുന്നോട്ടു വന്ന പെണ്‍കുട്ടി, നിങ്ങള്‍ ലോകത്തിനു കൈമാറുന്ന ഈ ആത്മവിശ്വാസത്തിന് അഭിവാദ്യങ്ങള്‍. പക്ഷേ അവര്‍ക്കു കിട്ടിയ അതേ പിന്തുണ ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കും അവകാശപ്പെട്ടതാണ്. അത് മറക്കാതിരിക്കുകയാണ് ഇനി നമ്മുടെ ഉത്തരവാദിത്തം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :