മിറക്കിള്‍ ദാര്ഡന്... ആ പേരില്‍ തന്നെ എല്ലാമുണ്ട്. പുതിയ കാഴ്ചകളും വിസ്മയങ്ങളുമായി മിറക്കിള്‍ ഗാര്ഡന് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. പൂക്കള്‍ കൊണ്ട് തീര്‍ത്തിരിക്കുന്ന എയര്‍ബസ് 380യുടെ മാതൃകയാണ് ഇത്തവണത്തെ പ്രധാന വിസ്മയം.
വിസ്മയങ്ങളുടെ പൂക്കാലം.. കാഴ്ചയുടെ അത്ഭുത ഉദ്യാനം. അതാണ് ദുബായ് മിറക്കിള്‍ ഗാര്ഡന്.. പൂക്കളുടെയും ചെടികളുടെയും മാത്രം ലോകമാണിത്. അദ്ഭുതത്തിന്റെ പുഷ്പവിമാനത്തിലാണ് ഇക്കുറി മിറക്കിള്‍ ഗാര്ഡന് യാത്രക്കാരെ കൊണ്ടുപോകുന്നത്. എമിറേറ്റ്സിന്റെ എയര്‍ബസ് 380 വിമാനം പൂര്‍ണമായും പൂക്കളില്‍ പുനസൃഷ്ടിച്ചിരിക്കുന്നു. അതും യഥാര്‍ഥ വലിപ്പത്തില്‍ തന്നെ.
പെറ്റൂണിയ,മാരിഗോള്‍ഡ്,സ്നാപ് ഡ്രാഗന് വയോളം എന്നീ ഇനങ്ങളില്‍ പെട്ട അന്‍പതു ലക്ഷം പൂക്കളുപയോഗിച്ചാണ് ഈ വിമാനം നിര്‍മിച്ചിരിക്കുന്നത്. ഇരുനൂറു പേര് ആറുമാസം സമയമെടുത്താണ് ഇത് പൂര്‍ത്തീകരിച്ചത്.
പൂക്കള്‍ കൊണ്ട് കുടില്‍ മുതല്‍ കൊട്ടാരം വരെ ഇവിടെ ഒരുക്കിയിരിക്കുന്നു. ഒപ്പം വിവിധ തരത്തിലുള്ള ശില്പങ്ങളും പുഷ്പാലങ്കാരങ്ങളും. പഞ്ചവര്ണ തത്തകളെ പ്രമേയമാക്കി നിര്‍മിച്ചിരിക്കുന്ന പാരറ്റ് നെസ്റ്റും മിറക്കിള്‍ ഗാര്‍ഡനിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. നൂറുകണക്കിന് സന്ദര്‍ശകരാണ് ഓരോദിവസവും ഇവിടേക്കെത്തുന്നത്. ഇവിടെ എത്തിയാല്‍ പിന്നെ ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിലാകും എല്ലാവരും. ഈ പൂക്കള്‍ക്കിടയില്‍ നിന്ന് എത്രതവണ ചിത്രങ്ങള്‍ പകര്‍ത്തിയാലും മതിവരില്ല ആര്‍ക്കും.
അഞ്ചു വര്‍ഷം മുന്പാമ് മിറക്കിള്‍ ഗാര്ഡന് ദുബായില്‍ തുറന്നത്. ഇന്ന് യുഎഇയിലെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണിത്. മിറക്കിള്‍ ഗാര്‍ഡനോട് ചേര്‍ന്ന് മനോഹരമായ ഒരു ശലഭോദ്യാനവും ഒരുക്കിയിരിക്കുന്നു. ഈ പൂക്കാഴ്ചകള്‍ കണ്ട്, ഈ പൂക്കുടിലുകളില്‍ ഇരുന്നു വര്‍ത്തമാനം പറഞ്ഞ് ഒരല്പനേരം. ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷങ്ങളില്‍ ഒന്നായിരിക്കും അതെന്ന് ഉറപ്പ്.