ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിസ്മയ ചെപ്പ് തുറന്നു. ജനുവരി 28 വരെ ഉത്സവത്തിന്റെ ദിനരാത്രങ്ങള്‍. വൈവിധ്യങ്ങളുടെ മെഗാമേളയിലേക്ക് രണ്ടു കോടിയിലേറെ സന്ദര്‍ശകരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
സ്വപ്ന നഗരിക്ക് സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു ഡിഎസ്എഫിന്റെ ഇത്തവണത്തെയും ഉദ്ഘാടനം. ജല തിരശീലയില്‍ മഴവില്വര്ണങ്ങളില് ഒരുക്കിയ വിസ്മയദൃശ്യം അവിസ്മരണീയം.
ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന ഉദ്ഘാടന പരിപാടി ദുബായിക്ക് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സമ്മാനിച്ചു. ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ സ്ക്രീന്‍ ഒരുക്കിയതിനായിരുന്നു ഗിന്നസ് കിരീടം.
കൌതുക കാഴ്ചകളുടെയും വിനോദ വിസ്മയങ്ങളുടെയും ഓഫറുകളുടെയും ഉല്‍സവ കാലം. വിവിധ ഷോപ്പിങ് മാളുകള്‍ കേന്ദ്രീകരിച്ചും ഗ്ലോബല്‍ വില്ലേജിലുമാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്. വ്യത്യസ്തമാര്‍ന്ന കലാവിരുന്നുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ ആഗോള ഗ്രാമം ബഹുദൂരം മുന്നില്‍.
വ്യത്യസ്ത നറുക്കെടുപ്പിലായി ദിവസേന നല്‍കുന്നത് ഒരു കിലോ സ്വര്‍ണവും ഇന്‍ഫിനിറ്റി കാറും ഒന്നര ലക്ഷം ദിര്‍ഹമും. പ്രതിദിന നിസാന്‍ കാര്‍ നറുക്കെടുപ്പുമുണ്ട്. വിവിധ ഷോപ്പിങ് മാളുകള്‍ നടത്തുന്ന ഭാഗ്യനറുക്കെടുപ്പുകള്‍ വേറെയും. ഭാഗ്യപരീക്ഷണത്തിലും. വിജയികളിലും ഇന്ത്യക്കാര്‍ക്കാണ് ആധിപത്യം.
കാര്‍ട്ടൂണ്‍ മേളകള്‍, രാജ്യാന്തര രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേളകള്‍, കാര്‍ണിവല്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയവയും മേളയെ സമ്പന്നമാക്കുന്നു. കണ്ണിനും കാതിനും ഇമ്പമാര്‍ന്ന കരിമരുന്ന് പ്രയോഗമാണ് മറ്റൊരു ആകര്‍ഷണം.