ലണ്ടനില്‍ നടന്ന ഇരുപതാമത് ലോക മൈന്‍ഡ് സ്പോര്‍ട്സ് ഒളിംപ്യാഡില്‍ മൂന്ന് മെഡലുകള്‍ നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെയാണ് ഇനി പരിചയപ്പെടുത്തുന്നത്. ഷാര്‍ജ ഡിപിഎസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ചെന്നൈ സ്വദേശിയുമായ നിത്യശ്രീ ശങ്കരനാണ് എതിരാളികളെ മനക്കണക്കില്‍ മുട്ടുകുത്തിച്ച് വിജയതിലകമണിഞ്ഞത്.
ഓഗസ്റ്റ് 29ന് ലണ്ടനില്‍ സമാപിച്ച ലോക മൈന്‍ഡ് സ്പോര്‍ട്സിലാണ് യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഈ മിടുക്കി മൂന്ന് അവാര്‍ഡുകള്‍ കൈപ്പിടിയിലൊതുക്കിയത്. സ്ക്രാബിള്‍, ചെസ്, മെന്റല്‍ കാല്‍ക്കുലേഷന്‍സ്, ബ്ലിറ്റ്സ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലായിരുന്നു നിത്യശ്രീയുടെ പോരാട്ടം. ലോകത്തിലെ ബുദ്ധിജീവികള്‍ക്കൊപ്പം മാറ്റുരച്ച നിത്യശ്രീ അവരെ കണക്കുകൂട്ടി തോല്പിച്ചാണ് വെള്ളി, വെങ്കല മെഡലുകള്‍ സ്വന്തമാക്കിയത്.
പതിനെട്ട് വയസിന് താഴെയുള്ളവരുടെ മെന്റല്‍ കാല്ക്കുലേഷന് ബ്ലിറ്റ്സ് വിഭാഗത്തിലാണ് വെള്ളി മെഡല്‍ നേടിയത്. പ്രായപരിധിയില്ലാത്ത ഓപണ്‍ വിഭാഗത്തില്‍ മാറ്റുരച്ച് നേടിയ വെങ്കലമെഡലിന് സ്വര്‍ണത്തെക്കാള്‍ തിളക്കമുണ്ട്. പതിനെട്ട് വയസിന് താഴെയുള്ളവരുടെ മെന്റല്‍ കാല്ക്കുലേഷന് ലോക ചാംപ്യന്‍ഷിപ്പിലും വെങ്കല മെഡലാണ് നിത്യശ്രീക്ക് ലഭിച്ചത്. 2012 ലും ജൂനിയര്‍ വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടിയിട്ടുണ്ട്. 16 വിഭാഗങ്ങളിലായി മൂന്നര മണിക്കൂര്‍ നീളുന്ന ഈ മല്‍സരം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് നിത്യശ്രീ പറഞ്ഞു.
മെന്റല്‍ കാല്ക്കുലേഷന് ബ്ലിറ്റ്സില്‍ 25 മിനിറ്റുള്ള നാലു റൌണ്ടുകളിലായി 100 ചോദ്യങ്ങള്‍ക്ക് നിത്യശ്രീ മിനിറ്റുകള്‍ക്കകം ഉത്തരം നല്കി. ഏകാഗ്രതയും കഠിനമായ പരിശിലീനവുമാണ് നിത്യശ്രീയുടെ കൈമുതല്‍. വലിയ സംഖ്യകള്പോലും നിമിഷ നേരംകൊണ്ട് മനക്കണക്കായി പറഞ്ഞുതരും നിത്യശ്രീ.
കുഞ്ഞുനാളില്‍ തന്നെ ഗണിതശാസ്ത്രത്തോട് പ്രത്യേക അടുപ്പം കാണിച്ച നിത്യശ്രീയെ കണക്കിലെ കുരുക്കഴിക്കാന്‍ പഠിപ്പിച്ചത് അധ്യാപിക സ്വര്‍ണലത. മികച്ച വിജയം സമ്മാനിച്ച നിത്യശ്രീയെ സ്കൂള്‍ അധികൃതരും അഭിനന്ദിച്ചു.
യുസിമാസില് ബിരുദ ധാരിയായ പതിമൂന്നുകാരി അബാകസിലും മെന്റല്‍ മാത്സിലും മലേഷ്യ, ജര്‍മനി, ലണ്ടന്‍ എന്നിവിടങ്ങളില്‍ മല്‍സരിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പാഠ്യപാഠ്യേതര രംഗത്തെ മികവിന് 2013ല്‍ ഷെയ്ഖ് ഹംദാന്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്, പെയിന്റിങ്, പ്രസംഗം, പദ്യപാരായണം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി ഈ മിടുക്കി കഴിവു തെളിയിക്കാത്ത മേഖലകള്‍ കുറവ്. പങ്കെടുത്ത ഇനങ്ങളിലെല്ലാം വിജയിച്ചതിനുള്ള തെളിവാണ് ഈ മെഡലും ട്രോഫിയും മിമെന്റോകളുമെല്ലാം.