അബുദാബിയില്‍ ചെട്ടികുളങ്ങര ഉല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുത്തിയോട്ട പാട്ടും ചുവടും ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി. ആസ്വാദനത്തിന്റെ രുചി കൂട്ടാന്‍ കുതിരമൂട്ടില്‍ കഞ്ഞിയും വിളമ്പിയതോടെ ഉല്‍സവം അതിഗംഭീരമായി.
ഓണത്തിന്റെ സ്വന്തം കരയാണ് ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര. ഓണത്തിന്റെ മാത്രമല്ല തനതു കലാ സാംസ്കാരിക പാരന്പര്യങ്ങളുടെ ഭൂമിക കൂടിയാണ് ഓണാട്ടുകര. അത്തരത്തില്‍ ഓണാട്ടുകരയുടെ സ്വന്തം കലാരൂപമാണ് കുത്തിയോട്ട പാട്ടും ചുവടും. ഓണാട്ടുകരയുടെ ഉല്‍സവമായ ചെട്ടികുളങ്ങര വേലയോട് അനുബന്ധിച്ചാണ് കുത്തിയോട്ട പാട്ടും ചുവടും നടത്താറുള്ളത്.
നാട്ടില്‍ ചെട്ടികുളങ്ങര ഉല്‍സവം ആഘോഷിക്കാന്‍ സാധിക്കാതെ പോയ ഗള്‍ഫിലെ പ്രവാസി മലയാളികളാണ് അബുദാബിയില്‍ ഉല്‍സവവും കുത്തിയോട്ട പാട്ടും ചുവടും സംഘടിപ്പിച്ചത്.
നൂറോളം പാട്ടുകാര്‍ ഒരുമിച്ച് കുത്തിയോട്ട പാട്ടിനൊപ്പം ചുവടു വച്ചപ്പോള്‍ കാഴ്ചക്കാര്‍ക്കും അത് വേറിട്ട അനുഭവമായി. ഓരോ പാട്ടിനും വ്യത്യസ്തമായ ചുവടുകളും ശരീരഭാഷയുമായി കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കയ്യും മെയ്യും മറന്നു ചുവടുവച്ചു.
കുട്ടികളൊരുക്കിയ കെട്ടുകാഴ്ചയും കൗതുകമായി. പാട്ടും ചുവടും കഴിഞ്ഞപ്പോള്‍ പാട്ടുകാര്‍ക്കും കാണികള്‍ക്കുമൊക്കെ പാരമ്പര്യചിട്ടയോടെ തയാറാക്കിയ കുതിരമുട്ടില് കഞ്ഞിയും വിളന്പി ഓണാട്ടുകരക്കാര്‍. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ആഘോഷങ്ങളില്‍ നൂറു കണക്കിന് ആളുകളാണ് പങ്കുചേര്‍ന്നത്.