ജലാശയങ്ങളും സമുദ്രങ്ങളും മലന്പ്രദേശങ്ങളുമെല്ലാം നിറഞ്ഞ സവിശേഷമായ ഭൂപ്രകൃതിയാണ് ഒമാന്റെ സൗന്ദര്യം. ആ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു യാത്രയാണ് ഇനി. അല്‍ ബതീന ഗവര്‍ണറേറ്റിലെ വാദി ഹുഖൈനിലേക്കും അല്‍ ഹുഖൈന് ഗ്രാമത്തിലേക്കും.
ഒമാനിലെ കുളിര്മയുള്ള കാഴ്ചകളാണ് ചെറിയ അരുവികളും ജലാശയങ്ങളും. ഒട്ടേറെ ചെറു ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും സന്പല്‍ സമൃദ്ധമാക്കി കൊൡണ്ടാണ് ഈ അരുവികളുടെ യാത്ര. ഏതു വേനലിലും നീരണിഞ്ഞു നില്ക്കുന്ന ഈ ജലാശയങ്ങള്‍ ആ ഗ്രാമത്തിന്റെയും ജനജീവിതത്തിന്റെയും നിലനില്പു തന്നെയാണ്. അത്തരമൊരു ഗ്രാമത്തിലേക്കും ആ ഗ്രാമത്തെ ജലസമൃദ്ധമാക്കുന്ന ഒരു ജലാശയത്തിലേക്കുമാണ് ഈ യാത്ര. വാദി ഹുഖൈനിലേക്ക്.
മസ്കത്തില് നിന്ന് 160 കിലോമീറ്റര്‍ യാത്ര ചെയ്യണം വാദി ഹുഖൈനിലെത്താന്. വാദി ഹുഖൈനിന്റെ ഇരു കരകളിലും സ്ഥിതി ചെയ്യുന്ന അല്‍ ഹുഖൈന് ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് ഈ ജലാശയത്തിനും അതേ പേര് തന്നെ ലഭിച്ചത്. ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ കാണുന്ന തരത്തിലുള്ള അതിപുരാതനമായ ഗ്രാമമാണ് ഹുഖൈന്. പാറക്കെട്ടുകളും കയറ്റിറക്കങ്ങളും നിറഞ്ഞ പ്രദേശം.
ഹുഖൈന് ഗ്രാമത്തിന് കുളിര്‍മയും സൗന്ദര്യവും സന്പല്‍സമൃദ്ധിയും നല്കി കൊണ്ട് റുസ്താഖ് മലനിരകളില്‍ നിന്ന് ഒഴുകി വരുന്ന അരുവിയാണ് വാദി ഹുഖൈന്. പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന വാദി അതി മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്.
പാറക്കെട്ടുകള്‍ക്കിടയില്‍ കെട്ടി നില്ക്കുന്ന വെള്ളത്തില്‍ സന്ദര്‍ശകര്‍ മതിവരുവോളം നീന്തിത്തുടിക്കുന്നു. ഒരാഴ്ചത്തെ അധ്വാനത്തിന്റെ ക്ഷീണം മാറാന്‍ വാദി ഹുഖൈനിലെ ഒരു കുളി ധാരാളം. ചെറുവെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളുമൊക്കെയായി സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനേറെ.
വാരാന്ത്യങ്ങള്‍ ചെലവഴിക്കാന്‍ ഒട്ടേറെ കുടുംബങ്ങള്‍ ഹുഖൈനിലേക്കെത്തുന്നു. രാവിലെ തന്നെ ഈ ഗ്രാമത്തിലേക്കെത്തി, ജലാശയത്തിന്റെ കരയില്‍ ടെന്റുകള്‍ തയാറാക്കി ദിവസം മുഴുവന്‍ സന്ദര്‍ശകര്‍ ഇവിടെ ചെലവിടുന്നു. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഗ്രാമഭംഗി കൂടിയാണ് ഇവര്‍ തേടി എത്തുന്നത്. അപകട സാധ്യത കുറഞ്ഞ വാദി എന്നതും ഹുഖൈനിനെ പ്രിയങ്കരമാക്കുന്നു. കുട്ടികള്‍ക്ക് കൗതുകമായി പല തരത്തിലുള്ള മീനുകള്‍ ഈ ജലാശയത്തില്‍ നീന്തിത്തുടിക്കുന്നു.
ഈന്തപ്പന തോട്ടങ്ങളും കൃഷിയിടങ്ങളും സമ്മാനിക്കുന്ന പച്ചപ്പിന്റെ കാഴ്ചകള്‍ കൂടിയാകുന്പോള് മനസു നിറഞ്ഞാണ് ഓരോ സഞ്ചാരിയും ഈ ഗ്രാമത്തില്‍ നിന്ന് തിരികെ പോകുന്നത്.