പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് യുഎസ് നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്, അതായത് വരുന്ന തിങ്കളാഴ്ച അൽ ഖായ്ദ ഭീകരർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂയോർക്ക്, ടെക്സാസ്, വിർജീനിയ എന്നീ നഗരങ്ങളുടെ ഭരണനേതൃത്വങ്ങൾക്ക് ഇന്റലിജൻസ് ജാഗ്രതാ നിർദ്ദേശം നൽകി. പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഏതൊക്കെ സ്ഥലങ്ങളാകും ഭീകരർ ലക്ഷ്യമിടുക എന്നതിനെക്കുറിച്ച് കൃത്യമായ സൂചനകളില്ലെങ്കിലും യുഎസ് നഗരങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ എഫ്ബിഐ തയാറായിട്ടില്ല. എന്നാൽ, യുഎസ് ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് എഫ്ബിഐ അറിയിച്ചു.