ശബ്ദത്തിന്റെ അഞ്ചിരട്ടിയിലേറെ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ആണവമിസൈലുമായി റഷ്യ. റഷ്യയില്‍ നിന്നും ബ്രിട്ടനിലെത്താന്‍ വെറും 13 മിനിറ്റാണ് സമയമെടുക്കുക. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വരെ കബളിപ്പിക്കാനുള്ള ശേഷിയാണ് ഈ റഷ്യന്‍ മിസൈലിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്.
റഷ്യയില്‍ നിന്നും വിക്ഷേപിച്ച് 12 മിനിറ്റില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ മിസൈലിന് എത്താനാകും. സാറ്റന് 2 എന്നാണ് റഷ്യയുടെ ഈ ആണവമിസൈലിനെ നാറ്റോ വിശേഷിപ്പിച്ചിരിക്കുന്നത്. ആര്‍എസ് 28 സാര്‍മാട്ട് എന്ന് പേരിട്ടിരിക്കുന്ന മിസൈലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി കഴിഞ്ഞ മാസമാണ് റഷ്യ പുറത്തുവിട്ടത്. സെക്കന്റില്‍ ഏഴ് കിലോമീറ്റര്‍ വരെ പരമാവധി വേഗം കൈവരിക്കാനുള്ള ശേഷി ഈ മിസൈലുകള്‍ക്കുണ്ട്. ഈ അതിവേഗം തന്നെയാണ് മിസൈല്‍ പ്രതിരോധ റഡാറുകളെ കബളിപ്പിക്കുന്നത്.
40 മെഗാടണ്‍ വരെ ശേഷിയുള്ള ആണവായുധവും വഹിച്ച് ഈ മിസൈലിന് സഞ്ചരിക്കാനാകും. ഹിരോഷിമയില്‍ വീണ ആണവബോംബിന്റെ രണ്ടായിരം ഇരട്ടി ശേഷിയുള്ള ആണവായുധം വഹിക്കാനുള്ള ശേഷി ഇവക്കുണ്ടെന്നാണ് ഇതിനര്‍ഥം. റഷ്യയുടെ ആവനാഴിയില്‍ നിലവിലുള്ള എസ്എസ് 18 സാറ്റന് മിസൈലുകളുടെ പകരക്കാരനായാണ് പുതിയ മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കനത്ത എതിര്‍പ്പു വകവെക്കാതെയാണ് റഷ്യ ഈ മിസൈല്‍ നിര്‍മിച്ചത്.
പരമാവധി 16 അണ്വായുധങ്ങള്‍ വരെ വഹിക്കാനും ആര്‍എസ് സാര്‍മാട്ട് മിസൈലിനുണ്ട്. ഫ്രാന്‍സിന്റെ മൊത്തം വലിപ്പമുള്ള പ്രദേശം ഒരൊറ്റ ആക്രമണത്തില്‍ ചാമ്പലാക്കി കളയാന്‍ ഈ മിസൈലിനാകും. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള വാര്‍ത്താ ഏജന്‍സിയായ സ്വേസ്ഡായാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പതിനായിരം കിലോമീറ്ററാണ് ഇതിന്റെ പരിധിയായി കണക്കാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ പൂര്‍ണ്ണമായും അമേരിക്കയുടെ കിഴക്ക്, പടിഞ്ഞാറ് തീര നഗരങ്ങളും ഈ മിസൈലിന്റെ പരിധിയില്‍ വരും.
നിലവിലുള്ള എസ്എസ് 18 മിസൈലുകള്‍ 1988ല്‍ സോവിയറ്റ് യൂണിയന് കാലത്ത് നിര്‍മിച്ചതാണ്. മാത്രമല്ല ഇവയുടെ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉക്രൈനിലുള്ള പ്രദേശത്താണ്. രാജ്യത്തിന്റെ തന്ത്രപ്രധാന മിസൈലായ എസ്എസ് 18ന്റെ നിര്‍മ്മാണത്തിന് ഉക്രൈനെ ആശ്രയിക്കുക അസാധ്യമായതിനാലാണ് പുതിയ മിസൈല്‍ നിര്‍മ്മിച്ചതെന്നാണ് റഷ്യ നല്കുന്ന വിശദീകരണം. മോസ്കോയ്ക്ക് അടുത്തു തന്നെയാണ് ആര്‍എസ് 28 സാര്‍മാട്ട് മിസൈല്‍ നിര്‍മ്മാണ കേന്ദ്രമുള്ളത്. 2020 ഓടെ ഈ മിസൈല്‍ റഷ്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.