അമേരിക്കയ്ക്ക് നിറകണ്ണുകളോടെ നന്ദിപറഞ്ഞ് ബരാക് ഒബാമ. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്ന് ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനമെന്നും വംശീയവിദ്വേഷം ഉള്‍പ്പെടെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ തെറ്റുകളും തിരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി മാറിയ രണ്ടായിരത്തിഎട്ടിലെ തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാപനം നടത്തിയ അതേവേദിയിലാണ് എട്ടുവര്‍ഷത്തിനുശേഷം വിടവാങ്ങല്‍ പ്രസംഗത്തിന് ബരാക് ഒബാമ എത്തിയത്.
എട്ടുവര്‍ഷം കൊണ്ട് അമേരിക്കയിലും അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്താന്‍ കഴിഞ്ഞു എന്നതായിരുന്നു ഭരണത്തെക്കുറിച്ചുള്ള ഒബാമയുടെ വിലയിരുത്തല്‍. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍, ഒസാമ ബിന്‍ ലാദന്റെ വധം അടക്കം ഭീകരവിരുദ്ധപോരാട്ടത്തിലെ നേട്ടങ്ങള്‍ ഒക്കെ അദ്ദേഹം എടുത്തുകാട്ടി. ഒബാമയുടെ പ്രധാന പദ്ധതികള്‍ പിന്‍വലിക്കാനൊരുങ്ങുന്ന ഡോണള്‍ഡ് ട്രംപിനുള്ള മറുപടി കൂടിയായിരുന്നു അത്.
ജനാധിപത്യവും ഐക്യവും സാഹോദര്യവുമാണ് അമേരിക്കയുടെ നിലനില്‍പ്പിന്റെ ആണിക്കല്ലുകള്‍ എന്ന് ജനങ്ങളെ ഓര്‍മിപ്പിച്ച പ്രസിഡന്റ്, മുസ്ലിങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും ഉള്‍ക്കൊള്ളണമെന്നും ആഹ്വാനം ചെയ്തു.
ഒരുതവണകൂടി പ്രസിഡന്റാകണമെന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ മറുപടി. എട്ടുവര്‍ഷം. ലോകചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ മാറ്റത്തിന്റെ കാലഘട്ടത്തില്‍ അമേരിക്കയെ നയിച്ച നേതാവ് ഈമാസം ഇരുപതിന് ഡോണള്‍ഡ് ട്രംപിന് വഴിമാറും.