വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിന്റെ വിജയം അമേരിക്കയുടെ അന്ത്യംകുറിക്കുമെന്ന് അൽഖായിദയും ഐഎസും മുന്നറിയിപ്പു നൽകി. ട്രംപിനെ വിജയിപ്പിച്ചതോടെ അമേരിക്ക ഇരുണ്ട കാലത്തിലേക്കു മടങ്ങിപ്പോവുകയാണെന്നും ഭീകരസംഘടനകൾ വിലയിരുത്തുന്നു. ഇരു സംഘടനകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളാണു ട്രംപിന്റെ വിജയം അമേരിക്കയുടെ തകർച്ചയുടെ തുടക്കമാണെന്നു കുറ്റപ്പെടുത്തിയത്.
രാജ്യത്ത് ആഭ്യന്തരമായ അസ്ഥിരത ഉണ്ടാകുമെന്നും സൂപ്പർപവർ സ്ഥാനത്തു നിന്ന് അമേരിക്ക പുറത്താകുമെന്നും ഗ്രൂപ്പുകൾ തങ്ങളുടെ ആഹ്ലാദം പങ്കിട്ടുകൊണ്ടുള്ള പോസ്റ്റുകളിൽ വ്യക്തമാക്കിയതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‘9–11ന് അമേരിക്ക അൽഖായിദയിൽ നിന്നു തിരിച്ചടി മേടിച്ചെങ്കിൽ 11–9ന് അമേരിക്ക സ്വന്തം ജനതയിൽ നിന്നുതന്നെ തിരിച്ചടി വാങ്ങിയതായി സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പ് ഡയറക്ടർ റിത കാറ്റ്സ് ട്വിറ്ററിൽ കുറിച്ചു.