തിരക്കേറിയ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വൈകുന്നത് ഇനി പഴങ്കഥയാകും. നാസ വികസിപ്പിച്ചെടുത്ത ഫ്ളൈറ്റ് ഡെക്ക് ഇന്റർവെൽ മാനേജ്മെന്റ് സംവിധാനം നിലവിൽ വരുന്നതോടെ ഒരേ റൺവേയിൽ വിമാനങ്ങൾക്ക് ഇനി ഒന്നിനു പിന്നാലെ ഒന്നായി കുറഞ്ഞ ഇടവേളയിൽ ഇറങ്ങാൻ കഴിയും.
ഇപ്പോഴത്തെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിനു വിമാനം എത്തുന്ന സമയം ഒരു മിനിറ്റ് വരെ കൃത്യതയോടെ പറയാനാവുമെങ്കിൽ പുതിയ സംവിധാനത്തിന് അത് അഞ്ചോ പത്തോ സെക്കൻഡ് വരെ കൃത്യതയോടെ പറയാനാവും.
വിമാനങ്ങൾ ഇറങ്ങുന്നതിന്റെ ഇടവേള അതിസൂക്ഷ്മമായ കൃത്യതയോടെ വിമാനത്തിലും എയർപോർട്ടിലും ക്രമീകരിക്കാൻ കഴിയുമെന്നതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ വിമാനങ്ങൾ അതേ റൺവേയിൽ ഇറക്കാൻ ആവും. ലാൻഡിങ്ങിനുള്ള സമയം കാത്ത് ആകാശത്തു വട്ടമിട്ടു പറക്കുന്നത് ഒഴിവാക്കാനും ഇന്ധനനഷ്ടം, സമയനഷ്ടം എന്നിവ ഒഴിവാക്കാനും കഴിയും.