E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday December 29 2020 08:58 AM IST

Facebook
Twitter
Google Plus
Youtube

More in World

ദുരിത കാണ്ഡം; മൂന്നാം ലോകത്തിന്റെ മൊണാലിസ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

monalisa-3rd-world
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു അഫ്ഗാൻ സ്ത്രീയെ പാക്കിസ്ഥാനിലെ പെഷാവറിൽനിന്ന് പൊലീസ് അറസ്‌റ്റ് ചെയ്തു. നിയമം തെറ്റിച്ച് വ്യാജരേഖകളോടെ പാക്കിസ്ഥാനിൽ കഴിഞ്ഞു എന്നതായിരുന്നു അവർക്കെതിരെ ചുമത്തിയ കുറ്റം. ലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർഥികൾ കുടിയേറിപ്പാർക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. അവരിൽ പലരും അനധികൃത കുടിയേറ്റക്കാരുമാണ്. പക്ഷേ, അന്നു നടന്ന അറസ്റ്റ് ലോകംമുഴുവൻ ശ്രദ്ധേയമായി. രാജ്യാന്തര മാധ്യമങ്ങളിൽ അതിനെപ്പറ്റിയുള്ള വാർത്തകൾ നിറഞ്ഞു... അതിനൊരു കാരണമുണ്ടായിരുന്നു. 35 വർഷങ്ങൾ പഴക്കമുള്ളൊരു കാരണം. ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ ഒരു മാസ്റ്റർപീസിന്റെ സൃഷ്ടിക്കു കാരണഭൂതയായിരുന്നു ആ സ്ത്രീ. ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ശീതയുദ്ധകാല ചരിത്രം പരിശോധിക്കുന്നവർക്ക് ഒരിക്കലും അവഗണിക്കാൻ കഴിയാത്ത അവരുടെ പേര് ശർബത്ത് ഗുല അഥവാ ശർബത്ത് ബീബി എന്നായിരുന്നു.

അഫ്ഗാൻ പെൺകൊടി; ഒരു ചിത്രം പിറന്ന കഥ

വർഷം 1985. നൂറ്റാണ്ടുകൾ നീണ്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയായിരുന്നു അഫ്ഗാനിസ്ഥാൻ എന്ന രാഷ്ട്രം. ലോകജനതയുടെ എല്ലാ ശ്രദ്ധയും അക്കാലത്ത് ഈ മലയോര രാഷ്ട്രത്തിൽ വന്നു പതിഞ്ഞു. ശീതയുദ്ധകാലത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവവികാസങ്ങൾക്കു വേദിയാകാനുള്ള നിർഭാഗ്യം ഈ രാജ്യത്തെ വേട്ടയാടി എന്നതായിരുന്നു അതിനുള്ള കാരണം. പാവ ഭരണാധികാരിയായ ബാബ്രക് കമാലിനെതിരെ ഉയർന്ന ആഭ്യന്തരകലാപവും അതിനെ അമർച്ച ചെയ്യാൻ രംഗത്തിറങ്ങിയ സോവിയറ്റ് സൈന്യവും, പിന്നെ തങ്ങളുടെ ചിരവൈരികളെ തോൽപ്പിക്കാൻ എല്ലാ തന്ത്രങ്ങളുമൊരുക്കി അമേരിക്കൻ ചാരസംഘടനയായ സിഐഎയും. വരണ്ടുണങ്ങിയ അഫ്ഗാൻ ഭൂമിയിൽ മോർട്ടാറുകളും ടാങ്കുകളും നിരന്തരം തീക്കുട തീർത്തു.

മേഘങ്ങളൊഴിഞ്ഞ തെളിമാനത്തു കഴുകന്മാരെപ്പോലെ സൈനികവിമാനങ്ങൾ മദിച്ചു പറന്നു. യുദ്ധത്തിന്റെ എല്ലാ തീവ്രതകളും അനുഭവപ്പെട്ട അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധം സദാ തങ്ങി നിന്നിരുന്നു. അതിലും കഷ്ടമായിരുന്നു ജനങ്ങളുടെ അവസ്ഥ. പട്ടിണിയും അരക്ഷിതാവസ്ഥയും ഭീകരസത്വങ്ങളെപ്പോലെ അവരെ വേട്ടയാടി. പലരും സ്വന്തം രാജ്യമുപേക്ഷിച്ച് അയൽ രാജ്യങ്ങളിലെ മരുപ്പച്ചകൾ തേടിയലഞ്ഞു. അവർക്കായി ഒട്ടേറെ അഭയാർഥി ക്യാംപുകൾ അഫ്ഗാനിസ്ഥാനിലും ഇറാനിലും തുറക്കപ്പെട്ടു.

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം... തന്റെ കരിയറിലെ മാസ്റ്റർപീസ് തേടി അലയുകയായിരുന്നു സ്റ്റീവ് മക്കറി എന്ന യുവ ഫൊട്ടോഗ്രഫർ. പെൻസ്റ്റേറ്റ് സർവകലാശാലയിൽനിന്നു തിയറ്റർ ആർട്‌സിൽ ബിരുദമെടുത്ത മക്കറിക്ക് ഏറ്റവും താൽപര്യമുള്ള മേഖല യുദ്ധചിത്രങ്ങളായിരുന്നു. യുദ്ധത്തിന്റെ ഭീകരതയും ദൈന്യതയുമൊക്കെ തന്റെ ലെൻസിൽ ഒപ്പിയെടുക്കുന്നതിൽ മക്കറി പ്രത്യേക വൈദഗ്ധ്യം കാട്ടി. ലബനൻ യുദ്ധം, ഇറാൻ–ഇറാഖ് യുദ്ധം, ഗൾഫ് യുദ്ധം തുടങ്ങി അക്കാലത്തു നടന്ന എല്ലാ പ്രധാന യുദ്ധങ്ങളിലും ചിത്രമെടുത്തു മികവ് തെളിയിച്ച അദ്ദേഹം നാഷനൽ ജ്യോഗ്രഫിക് മാസികയുടെ ഫൊട്ടോഗ്രഫറായാണ് അഫ്ഗാനിസ്ഥാനിലെത്തിയത്.

sharbat-gula-2.jpg.image.784.410

അഫ്ഗാനിസ്ഥാനിലെ യുദ്ധഭൂമി, ഇടയ്ക്ക് പാക്കിസ്ഥാനിലെ അഭയാർഥി ക്യാംപുകൾ. ചിത്രങ്ങൾ മക്കറിയുടെ ക്യാമറയിൽ പതിഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെയുള്ള ഒരു ഉദ്യമത്തിനിടയിലാണ് പെഷാവറിലെ നസീർബാഗ് അഭയാർഥി ക്യാംപ് അദ്ദേഹം സന്ദർശിച്ചത്. അഭയാർഥികളായ അഫ്ഗാനികളുടെ ദൈന്യത ലോകത്തിനു മുൻപിൽ തുറന്നുകാട്ടുകയെന്നതായിരുന്നു ഉദ്ദേശ്യം. ഒട്ടേറെ ചിത്രങ്ങൾ എടുത്തെങ്കിലും മക്കറി തൃപ്തനായില്ല. ഒടുവിൽ അദ്ദേഹത്തിന്റെ ‌ശ്രദ്ധ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയുടെ മുഖത്തു പതിഞ്ഞു. അഴുക്കുപുരണ്ട അവളുടെ മുഖത്തും മുഷിഞ്ഞുകീറിയ ഉടയാടയിലും ഒരു യുദ്ധത്തിന്റെ ഭീകരത മുഴുവൻ എഴുതിവച്ചിരുന്നു. എന്നാൽ, അതിനെല്ലാമപ്പുറം മക്കറിയെ ആകർഷിച്ചതു മറ്റൊന്നാണ്. അവളുടെ കണ്ണുകൾ. പച്ചനിറത്തിന്റെ വിവിധ വകഭേദങ്ങൾ ചാലിച്ച അവളുടെ കൃഷ്ണമണികളിൽ എന്തോ മാസ്മരശക്തി പ്രകടമായിരുന്നു. സമ്മതം വാങ്ങിയതിനുശേഷം പെൺകുട്ടിയുടെ ചിത്രം മക്കറി തന്റെ ക്യാമറയിൽ പകർത്തി.

മൂന്നാം ലോകത്തിന്റെ മൊണാലിസ

യുദ്ധത്തെക്കുറിച്ചു മക്കറി പകർത്തിയ ഒട്ടേറെ ചിത്രങ്ങളിലൊന്നായി അതും നാഷനൽ ജ്യോഗ്രഫിക്കിന്റെ അമേരിക്കയിലുള്ള ഓഫിസിലെത്തി. ഫോട്ടോയുടെ മേൻമ തിരിച്ചറിഞ്ഞ പത്രാധിപന്മാർ അതിനെ മാസികയുടെ മുഖചിത്രമാക്കാൻ തീരുമാനിച്ചു. നവീന ഫൊട്ടോഗ്രഫിയിലെ ഒരേടിനു തുടക്കം കുറിക്കുന്നതായിരുന്നു ഈ നീക്കം. മാസികയുടെ ആ ലക്കത്തിനു ലോകമെങ്ങും വൻ സ്വീകാര്യത കൈവരുത്താൻ ഈ ചിത്രത്തിനായി . അഫ്ഗാൻ പെൺകൊടി (അഫ്ഗാൻ ഗേൾ) എന്നപേരിൽ ചിത്രം വിവിധ കോണുകളിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കി. മൂന്നാം ലോകത്തിന്റെ മൊണാലിസ എന്നതായിരുന്നു ചിത്രത്തിനു നിരൂപകർ നൽകിയ വിശേഷണം. യുദ്ധമുണ്ടാക്കിയശേഷം അതിന്റെ ഭീകരത കണ്ടുരസിക്കുന്ന പാശ്ചാത്യ കപടതയുടെ ഇര എന്ന രീതിയിലുള്ള ചിന്തകളും ഇതോടൊപ്പം ഉയർന്നു.

തിരച്ചിൽ... പുനഃസമാഗമം

ചിത്രത്തിൽ കണ്ടെത്തിയ പെൺകുട്ടിയുടെ മേൽവിലാസത്തെക്കുറിച്ചുള്ള ചർച്ചകൾ ലോകം മുഴുവൻ ഉയർന്നു. പെൺകുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ മക്കറി കുറിച്ചെടുത്തിരുന്നില്ല. അവൾ ആരാണെന്നു കണ്ടുപിടിക്കാൻ അദ്ദേഹം കുറേ ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമായി. എന്നാൽ 17 വർഷങ്ങൾക്കുശേഷം 2002ൽ, പെൺകുട്ടിയെ കണ്ടുപിടിക്കാൻ നാഷനൽ ജ്യോഗ്രഫിക് വീണ്ടും ശ്രമം തുടങ്ങി. അതിനു നിയോഗിക്കപ്പെട്ട സംഘത്തിൽ മക്കറിയും സന്തോഷപൂർവം അംഗമായി. പാക്കിസ്ഥാനിലെ വിവിധ അഫ്ഗാൻ കുടിയേറ്റ മേഖലകളിൽ അവർ ഫോട്ടോയുമായി അന്വേഷണം ആരംഭിച്ചു. അവളുടെ പേരോ അവൾ ജീവിച്ചിരിപ്പുണ്ടെന്ന ഉറപ്പോ ഇല്ലാതെ നടത്തിയ അന്വേഷണം.

ഒടുവിൽ നസീർബാഗ് ക്യാംപിലെ ഒരാൾ പെൺകുട്ടിയെ തിരിച്ചറിഞ്ഞു. അവളുടെ ബാല്യകാല സുഹൃത്തായിരുന്നു അയാൾ. ഇപ്പോഴും അവൾ ജീവനോടെയുണ്ടെന്നും വരണ്ട മലമ്പ്രദേശങ്ങളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാനിലെ ടോറബോറയിലാണു താമസമെന്നും അയാൾ സംഘത്തെ അറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ കത്തുന്ന സൂര്യനെയും ആളെക്കൊല്ലുന്ന അതിർത്തികളും അതിജീവിച്ച് അയാൾ അവളെ ക്യാംപിൽ എത്തിച്ചു. ചിത്രത്തിന്റെ ഫ്രെയിമുകൾക്കപ്പുറത്ത് ശർബത്ത് ഗുല എന്ന പെൺകുട്ടിയുടെ ജീവിതകഥ അങ്ങനെ ലോകം അറി‍യാൻ തുടങ്ങുകയായിരുന്നു.

Sharbat-Gula-12.jpg.image.784.410

ശർബത്തിന്റെ കഥ

ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പമാണ് അവൾ വീണ്ടും ക്യാംപിലെത്തിയത്. മക്കറി ഫോട്ടോ എടുത്ത സംഭവം ശർബത്തിന്റെ സ്മരണകളിൽ അപ്പോഴുമുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്, അതിനു മുൻപോ പിൻപോ ആരും അവളുടെ ചിത്രം എടുത്തിട്ടുണ്ടായിരുന്നില്ല. ജീവിതത്തിലെ ഏകചിത്രം ലോകംകീഴടക്കിയ കഥയൊന്നും പാവം ശർബത്ത് അറിഞ്ഞിരുന്നില്ല. ഏതായാലും മക്കറിയും ശർബത്തും തമ്മിലുള്ള കൂടിക്കാഴ്ച തികച്ചും ഔപചാരികമായിരുന്നു.

മുപ്പതു വയസ്സിനടുത്തായിരുന്നു അപ്പോൾ ശർബത്തിന്. സഹീദ, ആലിയ എന്നീ പെൺകുട്ടികൾ അവൾക്കു പിറന്നിരുന്നു. ഭർത്താവ് റഹ്മത്ത് ഗുൽ പെഷാവറിലെ ബേക്കറിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നു. വർഷത്തിലെ കുറച്ചു മാസങ്ങൾ ഭർത്താവിനോടൊപ്പം കഴിയുന്ന ശർബത്ത് പിന്നീടു സ്വരാജ്യത്തു പോകാറാണു പതിവ്.

അഫ്ഗാനിലെ പ്രബലഗോത്രമായ പഷ്തൂൺ വംശത്തിൽ ജനിച്ചവളാണ് ശർബത്ത്. അവൾക്കു വയസ്സ് ആറായപ്പോൾ രാജ്യത്തു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ജന്മഗ്രാമമുൾപ്പെടെ പലതും റഷ്യൻ മോർട്ടാറുകൾക്കും ഷെല്ലുകൾക്കും ഇരയായി. അവളുടെ അച്ഛനമ്മമാരും ബോംബിങ്ങിൽ കൊല്ലപ്പെട്ടു. പകലെമ്പാടും ജീവൻ പൊലിഞ്ഞു നിലത്തു വീഴുന്ന മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ രാത്രിവരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. പകൽ പുറത്തിറങ്ങുന്നവരിൽ പലരും വെടിയേറ്റു വീണു. ആകാശവും ഭൂമിയും ഒരേപോലെ അഫ്ഗാനികൾക്കു ചതിക്കുഴിയൊരുക്കി.

ഒടുവിൽ നിൽക്കക്കള്ളിയില്ലാതായതോടെ അമ്മൂമ്മയുടെ നേതൃത്വത്തിൽ ശർബത്തും നാലു സഹോദരങ്ങളും പാക്കിസ്ഥാനിലേക്കു പ്രയാണം ആരംഭിച്ചു. മരുസ്ഥലികളും മഞ്ഞുമലകളും പിന്നിട്ട് കാൽനടയായൊരു യാത്ര. മഞ്ഞുകാറ്റേകുന്ന തണുപ്പു മാറ്റാൻ കമ്പിളിപ്പുതപ്പുകൾ മറ്റുള്ളവരോടു യാചിക്കേണ്ടിവന്നു. വഴിയിൽ എവിടെയെങ്കിലും ഒരു വിമാനത്തിന്റെ ഇരമ്പം കേട്ടാൽ തങ്ങൾ ഗുഹയിലൊളിക്കുകയായിരുന്നു പതിവെന്ന് ശർബത്ത് ഓർക്കുന്നു. ഒടുവിൽ ഒരാഴ്ച നീണ്ട നരകയാത്രയ്ക്കു ശേഷം അവർ പെഷാവർ എന്ന വാഗ്ദത്തനാട്ടിൽ എത്തിച്ചേർന്നു. അവിടത്തെ അഭയാർഥി ക്യാംപിൽ ജീവിതത്തിന്റെ പുതിയ അധ്യായം തുടങ്ങിയ ശർബത്ത് തൊണ്ണൂറുകളുടെ മധ്യത്തിൽ അഫ്ഗാനിസ്ഥാനിൽ സമാധാനം പുലർന്നപ്പോൾ ജന്മനാട്ടിലേക്കു തിരിച്ചുപോയി. ‘കാലവും കഠിനതകളും അവളുടെ യുവത്വം മായ്ച്ചിരിക്കുന്നു. അവളുടെ ചർമം ഇപ്പോൾ തുകലുപോലെ, പക്ഷേ, ആ കണ്ണുകൾ ഇപ്പോഴും പറയുന്നുണ്ട്, ഒരു രാജ്യത്തിന്റെ വിധിയായി മാറിയ നരകയാതനകളുടെ ചരിത്രം’. മക്കറി അന്നുപറഞ്ഞ വാക്കുകൾ.

വീണ്ടും വേട്ടയാടൽ

2002ലെ നാഷനൽ ജ്യോഗ്രഫിക്കിന്റെ തിരച്ചിലിനുശേഷം ലോകം ശർബത്തിനെ മറന്നുവരികയായിരുന്നു, ഈയടുത്ത് വീണ്ടും അവർ വാർത്തകളിൽ നിറയും വരെ. ജന്മനാട്ടിലേക്കു തിരിച്ചുപോയ ശർബത്തിനെ കാത്തിരുന്നത് അസ്ഥിരതയുടെ അഫ്ഗാൻ നാളുകളായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണവും പിന്നീടുണ്ടായ സംഭവവികാസങ്ങളുമൊക്കെ വീണ്ടും അവരുടെ ജീവിതത്തെ പ്രക്ഷുബ്ധമാക്കി. ഇതേത്തുടർന്ന് ഭർത്താവിനോടും മക്കളോടുമൊപ്പം പാക്കിസ്ഥാനിലെ നൗത്തിയ പ്രദേശത്തേക്കു ശർബത്ത് താമസം മാറ്റി. പാക്കിസ്ഥാൻ പൗരത്വത്തിനായി കൃത്രിമ രേഖകളും ഐഡന്റിറ്റി കാർഡും ഇക്കാലയളവിൽ ഇവർ ഉണ്ടാക്കിയത്രേ. ഏതായാലും കുഴപ്പങ്ങളില്ലാതെ പ്രവാസജീവിതം നയിക്കുകയായിരുന്നു ഈ കുടുംബം. എന്നാൽ കഴിഞ്ഞ 26നു പാക്കിസ്ഥാന്റെ കേന്ദ്ര അന്വേഷണ സേന പൊടുന്നനെ ശർബത്തിന്റെ വീട് വളയുകയും അവരെ അറസ്റ്റിലാക്കുകയും ചെയ്തു.

ശർബത്തും ഭർത്താവും വ്യാജരേഖകളുമായി പാക്കിസ്ഥാനിൽ താമസിച്ചു എന്നതാണു കുറ്റം. വ്യാജരേഖകൾ ചമയ്ക്കുക വഴി കടുത്ത നിയമലംഘനമാണു ശർബത്ത് ചെയ്തതെന്നായിരുന്നു പാക്ക് അധികാരികളുടെ വാദം. പതിനാലു കൊല്ലത്തോളം തടവും കനത്ത പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റം. എന്നാൽ ശർബത്തിനനുകൂലമായി ലോകമെമ്പാടും പിന്തുണയുയർന്നു. പാക്കിസ്ഥാനിലെതന്നെ ഇമ്രാൻഖാനടക്കമുള്ള പ്രശസ്തർ അവർക്കുവേണ്ടി പ്രസ്താവനകൾ നടത്തി. നാഷനൽ ജ്യോഗ്രഫിക് ഉൾപ്പെടെയുള്ള മാധ്യമങ്ങളും ‌ശർബത്തിന്റെ പുതിയ ദുരവസ്ഥയെക്കുറിച്ച് ലോകത്തെ അറിയിക്കാൻ മുന്നിലുണ്ടായിരുന്നു.

പെഷാവർ കോടതിയിലെ ജഡ്ജി ശർബത്തിന്റെ ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്. പതിനാലു ദിവസത്തെ തടവും 110,000 രൂപ പിഴയും ശർബത്തിനു ശിക്ഷയായി വിധിച്ചു. ഇവരെ നാടു കടത്തുമെന്നും ഇതിനിടയിൽ അഭ്യൂഹമുയർന്നിരുന്നു. ഒടുവിൽ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിന്റെ പേരിലും മാനുഷിക പരിഗണനയുടെ പേരിലും ശർബത്തിനെ പാക്കിസ്ഥാനിൽതന്നെ നിലനിർത്താൻ അധികാരികൾ തീരുമാനിച്ചു.

അവസാനിക്കാത്ത പോരാട്ടവീര്യം

പാക്കിസ്ഥാന്റെ ഔദാര്യം ശർബത്ത് നിരസിച്ചു. തന്റെ ജയിൽശിക്ഷ തീർന്ന ദിവസം ടോർഖോം അതിർത്തി വഴി അവർ സ്വരാജ്യത്തേക്ക് മടങ്ങി. അഫ്ഗാൻ സർക്കാർ അവർക്ക് ഗംഭീര വരവേൽപ്പും താമസിക്കാൻ ഒരു വീടും ഒരുക്കിയിരുന്നു. കുടിയേറ്റത്തിന്റെ വർത്തമാന സംഭവങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഈ സംഭവം പാക്കിസ്ഥാനിലെ അഫ്ഗാൻ അഭയാർഥികളുടെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു. സോവിയറ്റ് അധിനിവേശ കാലത്തും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ യുദ്ധകാലത്തുമൊക്കെ അയൽക്കാർക്കു ക്യാംപുകൾ തുറന്നുകൊടുത്ത പാക്കിസ്ഥാന് ഇന്നവരൊരു ബാധ്യതയാണ്.

ചരിത്രത്തിൽ മറ്റൊരുകാലത്തുമില്ലാത്ത രീതിയിൽ അഫ്ഗാൻ അഭയാർഥികളുടെ മേലുള്ള നിയമങ്ങൾ കർശനമാക്കിക്കൊണ്ടിരിക്കുകയാണ് രാജ്യം. ആ നീക്കത്തിന്റെ പ്രതീകമായാണു ശർബത്തിന്റെ അറസ്റ്റ് പോലും വ്യാഖ്യാനിക്കപ്പെടുന്നത്. ഫോട്ടോയിൽ പതിയാത്ത എത്രയോ ശർബത്തുമാർ അവിടെയുണ്ടാകാം. മടിയോടെയാണെങ്കിലും തങ്ങളുടെ ജന്മഭൂമിയിലേക്കു മടങ്ങുകയാണ് അവരിൽ പലരും. കഴിഞ്ഞ മാസത്തിൽ മാത്രം സംഭവിച്ചതു മൂന്നരലക്ഷം പേരുടെ തിരിച്ചുപോക്ക്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :